ക്രിസ്മസ് അവധിക്ക് കേരളത്തിലേക്ക് വരാനൊരുങ്ങുന്ന ഒരുപാട് മലയാളികള്‍ കേരളത്തിന് പുറത്തും വിദേശത്തുമുണ്ട്. എന്നാല്‍ നാട്ടിലേക്ക് വരാനൊരുങ്ങുന്ന മലയാളികള്‍ക്ക് തിരിച്ചടിയായി ആഭ്യന്തര വിമാന നിരക്ക് വര്‍ധിപ്പിച്ചു.

ദില്ലിയില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന നിരക്ക് 22,000 മുതല്‍ 29,000 വരെയാണ്. ചില സമയങ്ങളില്‍ 29000 രൂപ വരെ നിരക്ക് വരുന്നുണ്ട്. ചെന്നൈയോ ബെംഗളൂരുവോ വഴി പോകാനും ഏറ്റവും കുറഞ്ഞത് 16,000 രൂപയാകും.

20,000 രൂപ മുതലാണ് ജനുവരിയില്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിക്ക് നേരിട്ടുള്ള വിമാന നിരക്കുകള്‍. 22,000 രൂപയില്‍ താഴെ നേരിട്ടുള്ള സര്‍വീസ് വളരെ കുറവാണ്. പുലര്‍ച്ചെയുള്ള ഒന്നോ രണ്ടോ വിമാനങ്ങള്‍ മാത്രമാണ് 22,000 രൂപക്ക് ലഭിക്കുക.

ദിവസേന കേരളത്തിലേക്കു സര്‍വീസ് നടത്തുന്ന കേരള, മംഗള-ലക്ഷദ്വീപ് എക്സ്പ്രസ് ട്രെയിനുകളില്‍ ടിക്കറ്റുകള്‍ വെയ്റ്റ് ലിസ്റ്റിലാണ്. ജനുവരി ആറു വരെ മൂന്നിരട്ടിയാണ് വിമാന കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.

ഡിസംബര്‍ 15നു ശേഷം തേഡ്, സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകളും കിട്ടാനില്ല. കേരളത്തിലേക്കുള്ള ട്രെയിനുകളിലും ടിക്കറ്റില്ലാതായതോടെ നാട്ടിലേക്ക് വരാനിരിക്കുന്ന മലയാളികള്‍ക്ക് യാത്ര ബുദ്ധിമുട്ടിലാകും.

Leave a Reply

Your email address will not be published. Required fields are marked *