നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി സമയം നീട്ടിനൽകി സുപ്രീം കോടതി. തീരുമാനം വിചാരണകോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ആവശ്യം പരിഗണിച്ച്. ജസ്റ്റിസുമാരായ എ എം ഖാൻവീൽക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഓഗസ്റ്റ് 15ന് മുമ്പ് വിചാരണ പൂര്‍ത്തിയാക്കാനായിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശം. എന്നാല്‍ ആറുമാസത്തെ സമയം ആവശ്യപ്പെട്ട് ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ലോക്ക്ഡൗണിനെത്തുടര്‍ന്ന് കോടതി തുടര്‍ച്ചയായി അടച്ചിടേണ്ടി വന്നുവെന്ന കാരണം പറഞ്ഞാണ് ജഡ്ജി ഹണി. എം. വര്‍ഗീസ് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ നവംബറില്‍ കൂടുതല്‍ സമയം തേടി അപേക്ഷ നല്‍കിയപ്പോള്‍ 2021 ആഗസ്റ്റില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും ഇനി സമയം നീട്ടി നല്‍കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് മേയില്‍ ആഴ്ചകളോളം കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായെന്നും വിചാരണ പ്രതീക്ഷിച്ച വേഗത്തില്‍ നീങ്ങിയില്ലെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. വിചാരണയുടെ രണ്ടാം ഘട്ടത്തില്‍ 84 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി. കേസില്‍ ഇതുവരെ 174 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *