പന്തീരാങ്കാവ്: ഒളവണ്ണ ടോൾ പ്ലാസയിൽ സംഘർഷം. ടോൾ നൽകാതെ കടക്കാൻ ശ്രമിക്കുന്നത് തടഞ്ഞ ജീവനക്കാരനു നേരെ കാർ യാത്രികന്റെ അതിക്രമം. ജീവനക്കാരനെ ബോണറ്റിലാക്കി 50മീറ്ററിലധികം ദൂരം വാഹനമോടിച്ചു. പരിക്കേറ്റ ടോൾ പ്ലാസ ജീവനക്കാരൻ ഒളവണ്ണ ഇരിങ്ങല്ലൂർ സ്വദേശി ജിതേഷ് (32)നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനി വൈകീട്ട് അഞ്ചാരയോടെ ആണ് സംഭവം.
ടോൾ പ്ലാസയിലെത്തി ടോൾ വെട്ടിച്ചുകടക്കാൻ ശ്രമിച്ച കാറിനെ തടയുന്നതിടെയാണ്
ജീവനക്കാരനെ കാർ ഇടിപ്പിക്കുകയും ബോണറ്റിലേക്ക് തെറിച്ചു വീണ ജീവനക്കാരനെയും കൊണ്ട് കാർ മുന്നോട്ടു എടുക്കുകയും ചെയ്തത്. കുറച്ചു ദൂരം പിന്നിട്ടതോടെ ബോണറ്റിൽ പിടിച്ചുനിന്ന ജീവനക്കാരൻ വലതുവശത്തേക്ക് നിരങ്ങി നീങ്ങി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ, മറ്റ് ജീവനക്കാരും ഓടിയെത്തി കാർ തടഞ്ഞു. തുടർന്ന്, ജീവനക്കാരും എത്തുകയും കാർ യാത്രികനുമായി സംഘർഷം വാക്കേറ്റവും കയ്യാങ്കളിയുമായി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പറത്തുവന്നിട്ടുണ്ട്.
ടോൾ പ്ലാസകളിലെ സംഘർഷങ്ങൾ തുടർക്കഥയാകുന്നതിനിടെയാണ് ഒളവണ്ണയിലെ ഈ സംഭവം.
സംഭവത്തെ തുടർന്ന് ഇരുവിഭാഗവും പോലീസിൽ പരാതി നൽകി.
