ഭരണഘടനാ ശില്‍പിയായ അംബേദ്കര്‍ വിഭാവനം ചെയ്ത സാഹോദര്യം രാജ്യത്ത് ഇതുവരെ കൈവരിക്കാനായില്ലെന്ന് ഡോ.ശശി തരൂര്‍ എം പി. ആധുനിക ഇന്ത്യയ്ക്ക് പാത തെളിയിച്ച ആശയങ്ങളും ഇതിഹാസങ്ങളും എന്ന വിഷയത്തില്‍ കെഎല്‍ഐബിഎഫ് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷുകാരല്ല ഇന്ത്യയെ ആധുനികവല്‍ക്കരിച്ചത്. നമ്മളാണ് ഇതിനു പിന്നില്‍. പ്രത്യേക താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി ജനാധിപത്യത്തെ നിസാരവല്‍ക്കരിക്കാനാകില്ല. ആധുനിക ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും നവോദ്ധാന നായകരുടേയും എഴുത്തുകാരുടേയും പങ്ക് നിസ്തുലമാണ്. ജാതി, വര്‍ണ അയിത്തം ഉള്‍പ്പെടെയുള്ള അനാചാരങ്ങള്‍ക്കും ദുഷിച്ച വ്യവസ്ഥകള്‍ക്കുമെതിരെയുള്ള പോരാട്ടമായിരുന്നു അവരുടേത്. മാനവികമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതിനായി അവര്‍ മുന്നോട്ടുവരികയായിരുന്നു. കേരളത്തെ വിദ്യാഭ്യാസ ഉന്നതിയിലേക്കെത്തിക്കുന്നതിനും അവര്‍ മുന്‍കൈയെടുത്തു. എന്നാല്‍ ഈ മൂല്യങ്ങള്‍ ചോര്‍ന്നു പോകാതിരിക്കാന്‍ വിശ്രമിക്കാതെ മുന്നേറുകയാണ് വേണ്ടത്.

സാമൂഹിക നീതിയും പുരോഗതിയുമാണ് കേരളത്തിന്റെ നേട്ടങ്ങളുടെ കരുത്ത്. കേരളത്തിന് സാംസ്‌കാരിക സാഹിത്യ പൈതൃകമുണ്ട്. പുരോഗമനപരമായ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സാഹിത്യ സൃഷ്ടികളാണ് എം ടി സമ്മാനിച്ചത്. അദ്ദേഹം ഇനി ഇല്ലെന്ന് വിശ്വസിക്കുക പ്രയാസമെങ്കിലും അദ്ദേഹത്തിന്റെ സര്‍ഗസൃഷ്ടികള്‍ നമ്മെ മുന്നോട്ടു നയിക്കുമെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *