പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇതുവരെ 15 പേര്‍ പിടിയില്‍. 5 പേരെ കോടതി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം 62 പേരാണ് പീഡനക്കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കുടുംബവുമായി അടുപ്പമുള്ളവരാണ് ആദ്യം പീഡിപ്പിച്ചതെന്ന് CWC ചെയര്‍മാന്‍ പറഞ്ഞു.
സമീപകാല ചരിത്രത്തിലെന്നും കേട്ടുകള്‍വിയില്ലത്ത പീഡനമാണ് പത്തനംതിട്ടയിലെ പെണ്‍കുട്ടി നേരിട്ടത്. അയല്‍വാസികള്‍ , സുഹൃത്തുക്കള്‍ , കായിക പരിശീലന അധ്യാപകര്‍ അടക്കം 62 പേര്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി . പ്രതികളിലെ 42 പേരുടെ ഫോണ്‍ നമ്പര്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ ഫോണില്‍ നിന്ന് തന്നെയാണ് ലഭിച്ചത്.
കൂട്ട ബലാത്സംഗം നടത്തിയ 5 പേരെ ഇന്നലെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഇവര്‍ റിമാന്‍ഡിലാണ് . 10 പേരെ ഇന്ന് രാവിലെ പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. അത്‌ലറ്റായ പെണ്‍കുട്ടിയെ പത്തനംതിട്ട ജില്ലയുടെ വിവിധ ഇടങ്ങളിലും ജില്ലക്ക് പുറത്തു തിരുവനന്തപുരത്തും എത്തിച്ചു പീഡിപ്പിച്ചെന്നാണ് മൊഴി. 62 പേരുടെ പേര് വിവരങ്ങള്‍ പെണ്‍കുട്ടി പറഞ്ഞതനുസരിച്ച് പൊലീസ് ശേഖരിച്ചു. പരമാവധി പ്രതികളെ ഉടന്‍ പിടികൂടാനാണ് പൊലീസ് നീക്കം. ദക്ഷിണ മേഖല ഡിഐജി അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താന്‍ പത്തനംതിട്ടയില്‍ എത്തിയേക്കും.