തിരുവനന്തപുരം: വെള്ളറട സര്‍ക്കാര്‍ യു.‌പി സ്‌കൂളിൻ്റെ വാതിൽ മുറിച്ച് അകത്തുകടന്ന് മോഷണം. ഒരാൾക്ക് അകത്തേക്ക് പ്രവേശിക്കാൻ മാത്രമുള്ള അളവിലാണ് വാതിൽ മുറിച്ചിരിക്കുന്നത്.ഓഫീസിനുള്ളില്‍ ഉണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളും ഫയലുകളുമെല്ലാം വലിച്ചെറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. എന്നാൽ എന്തെല്ലാമാണ് കവര്‍ച്ച നടന്നിട്ടുള്ളതെന്ന് വ്യക്തമായ സൂചന ഇതുവരെയും ലഭിച്ചിട്ടില്ല. വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഫോറൻസിക് അധികൃതരും വിരലടയാള വിദഗ്ധരും ഡോഗ് സ്‌കോഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സ്‌കൂള്‍ ഓഫീസ് കെട്ടിടത്തിന്റെ പ്രധാന വാതിൽ യന്ത്ര സഹായത്താല്‍ മുറിച്ച് മാറ്റിയ ശേഷമാണ് മോഷ്ടാവ് ഓഫീസിനുള്ളില്‍ കടന്നത്. ഏത് സമയത്താണ് സ്‌കൂളിനുള്ളില്‍ മോഷ്ടാവ് കടന്ന് കവര്‍ച്ച നടത്തിയത് എന്നതിനെക്കുറിച്ചും മനസിലാക്കാനായിട്ടില്ലന്നും പൊലീസ് അറിയിച്ചു. സംശയാസ്പദമായി ആരെയും കണ്ടിട്ടില്ലന്നാണ് സമീപവാസികളുടെയും മൊഴി. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ നിരീക്ഷിച്ച ശേഷം അക്രമികളെ വേഗത്തില്‍ പിടികൂടാനുള്ള ശ്രമത്തിലാണെന്ന് വെള്ളറട പൊലീസ് പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള രേഖകൾ നശിപ്പിക്കാനോ മോഷ്ടിക്കാനോ ആയിരിക്കാം പ്രതി അതിക്രമിച്ച് കടന്നതെന്ന് നാട്ടുകാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *