കൊച്ചി: തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനറായ പിവി അന്‍വറിനെതിരെ രൂക്ഷവിമര്‍ശനവുമായി ടിഎംസി സംസ്ഥാന വിഭാഗം. തൃണമൂല്‍ കോണ്‍ഗ്രസ് അന്‍വറിന്റെ തറവാട്ടുസ്വത്തല്ലെന്ന് ടിഎംസി കേരള പ്രദേശ് പ്രസിഡന്റ് സി ജി ഉണ്ണി തുറന്നടിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിനെ അന്‍വര്‍ സ്വന്തം നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും ഏകപക്ഷീയമായി ഇഷ്ടക്കാരെ വെച്ച് യോഗങ്ങള്‍ വിളിക്കുകയാണെന്നും സി ജി ഉണ്ണി പറഞ്ഞു.
ഇല്ലാ കഥകള്‍ പറഞ്ഞ് ആളാവാനാണ് അന്‍വറിന്റെ ശ്രമം. സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കാന്‍ അന്‍വറിന് ആരും അധികാരം കൊടുത്തിട്ടില്ല. അന്‍വറിന് നല്‍കിയ കണ്‍വീനര്‍ പോസ്റ്റ് താത്കാലികം മാത്രമാണ്. അന്‍വറിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നല്‍കുമെന്നും സി ജി ഉണ്ണി.
മുന്‍കാല ചെയ്തികളില്‍ നടപടിയുണ്ടാകുമ്പോള്‍ അത് മുസ്ലിം വികാരം ഉണര്‍ത്താന്‍ വേണ്ടിയാണ് അന്‍വറിന്റെ ശ്രമം. മുസ്ലിമിനെതിരായ പീഡനമായിട്ടാണ് അന്‍വര്‍ അതിനെ ചിത്രീകരിക്കുന്നത്. ഒരു മതേതര പ്രസ്ഥാനമായ തൃണമൂല്‍ കോണ്‍ഗ്രസില്‍ ജാതി സ്പിരിറ്റോടെ കയറി വന്ന് ആ ജാതിയെ മാത്രം ഫോക്കസ് ചെയ്ത് അവരുടെ മൊത്തക്കച്ചവടം അന്‍വറിനെ ആരും ഏല്‍പ്പിച്ചിട്ടില്ല. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അന്‍വറിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. അന്‍വറിന്റെ ഇത്തരം കഥകള്‍ ടിഎംസിയില്‍ നടക്കില്ല. എംഎല്‍എ സ്ഥാനം രാജിവെച്ചപ്പോള്‍ നല്‍കിയ താത്കാലിക പോസ്റ്റ് മാത്രമാണ് കണ്‍വീനര്‍ സ്ഥാനമെന്നും ടിഎംസി അന്‍വറിന്റെ തറവാട്ടു സ്വത്തല്ലെന്നും അത് അന്‍വര്‍ മനസിലാക്കണമെന്നും സി ജി ഉണ്ണി പറഞ്ഞു.
