
വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ കണ്ടെത്തിയ നരഭോജി കടുവ ചത്തു. വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് പിലാക്കാവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്റെ ഓഫീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയിൽ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവയെ ആണ് ചത്ത നിലയിൽ കണ്ടെത്തിയതെന്നും വനംവകുപ്പ് അറിയിച്ചു. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. രണ്ട് വലിയ മുറിവുകളാണ് കഴുത്തിൽ കണ്ടെത്തിയത്. രാത്രി രണ്ടരയോടെയാണ് അവശനിലയിലായ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കാടിനുള്ളിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ട സ്ഥലത്ത് ആയിരുന്നു കടുവയെ അവശനിലയിൽ കണ്ടത്. കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്ന് വനംവകുപ്പിന്റെ നിഗമനം. 38ക്യാമകളിനും പതിഞ്ഞ അതേ കടുവയെ തന്നെയാണ് ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. അവശനിലയിൽ ആയ കടുവയെ കാൽപ്പാടുകൾ കണ്ടാണ് പിന്തുടർന്നത്. 12.30 മുതൽ കടുവയ്ക്ക് പിറകെ ഉണ്ടായിരുന്നു. 2 മണിക്കൂർ നേരം കടുവയ്ക്കു പിറകെ പോയി. പിന്നീടാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കഴുത്തിൻ്റെ ഭാഗത്ത് ആഴത്തിലുള്ള പരുക്കുണ്ട്. കടുവയുടെ ദേഹത്തുളള ചില മുറിവുകൾ പഴക്കമുള്ളതാണ്. കടുവയെ പോസ്റ്റ് മോർട്ടം നടപടികൾക്കായി കുപ്പാടി വൈൽഡ് ലൈഫ് വെറ്റിറിനറി ആശുപത്രിയിലേക്ക് കൊണ്ടു പോയി
