പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ പൊലീസിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ, നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. പാലക്കാട് ടൗണില്‍ പ്രതി ചെന്താമരയുടെ രൂപ സാദ്യശ്യമുള്ളയാളെ കണ്ടെന്ന് പ്രചരണമുണ്ടായി. ഇതനുസരിച്ച് ടൗണിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെ, ചെന്താമരയുടെ വീട്ടില്‍ നിന്നും വിഷകുപ്പി കണ്ടെത്തിയ സാഹചര്യത്തില്‍ വിഷം കഴിച്ച ചെന്താമര ശരീരത്തില്‍ കല്ലുകെട്ടി പുഴയില്‍ ചാടാന്‍ സാധ്യതയുണ്ടെന്നും പറയുന്നവര്‍ ഏറെ.

നേരത്തെ കൊലപാതക നടത്തിയപ്പോള്‍ ഒളിവില്‍ കഴിഞ്ഞ കാടുകളില്‍ പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തുകയാണിപ്പോള്‍. കഴിഞ്ഞ ദിവസം ഇയാള്‍ ഭക്ഷ്യവസ്തുക്കള്‍ വാങ്ങിയെന്നും ഇത് കാട്ടിനുള്ളില്‍ സൂക്ഷിക്കാനുള്ള സാധ്യതയുണ്ടെന്നും പറയുന്നു. സമീപത്തെ കാടുകള്‍ ചെന്താമരക്ക് നല്ല പരിചയമാണ്. ആരോടും അധികം സംസാരിക്കാത്ത പ്രതിയുടെ നീക്കങ്ങള്‍ ഊഹിക്കാന്‍ മാത്രമെ നാട്ടുകാര്‍ക്ക് കഴിയുന്നുള്ളൂ. 125 പൊലീസുകാരാണ് തിരച്ചലിന് നേതൃത്വം നല്‍കുന്നത്. ഒപ്പം നിരവധി നാട്ടുകാരുമുണ്ട്.

ഇതിനിടെ, കൊല്ലപ്പെട്ടവരുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത് വന്നു. സുധാകരന്റെ ശരീരത്തില്‍ എട്ട് വെട്ടുകളാണുളളത്. കയ്യിലും കാലിലും കഴുത്തിലും തലയിലുമാണ് വെട്ടേറ്റിരിക്കുന്നത്. വലത് കൈ അറ്റിരിക്കുകയാണ്. കഴുത്തിന്റെ പിറകിലെ വെട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആദ്യത്തെ വെട്ടേറ്റിരിക്കുന്നത് കാലിന്റെ മുട്ടിനാണ്. സുധാകരന്റെ മാതാവ് ലക്ഷ്മിയുടെ ശരീരത്തില്‍ 12 വെട്ടുകളാണുള്ളത്. ലക്ഷ്മിയുടെ ശരീരത്തിലുള്ളത് ആഴത്തിലുള്ള മുറിവുകളാണ്. കണ്ണില്‍ നിന്നും ചെവി വരെ നീളുന്ന ആഴത്തിലുള്ള മുറിവുണ്ട് ഇവരുടെ ശരീരത്തില്‍. ഇതാണ് മരണത്തിന് കാരണമായതെന്നാണ് നിഗമനം. ഇതിനിടെ, പ്രതി ചെന്താമരയെ കണ്ടെത്താനിതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.

തിങ്കളാഴ്ച രാവിലെ 9.30നാണ് പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍ നഗറില്‍ അപ്പായിയുടെ ഭാര്യ ലക്ഷ്മിയെയും (76) മകന്‍ സുധാകരനെയും (58) ചെന്താമര കൊലപ്പെടുത്തിയത്. കൊലപാതക സമയത്ത് അയല്‍പക്കത്ത് മറ്റാരുമുണ്ടായിരുന്നില്ല. അതുവഴി വന്ന നാട്ടുകാരാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്നവരെ കണ്ടത്. ലക്ഷ്മിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുധാകരന്‍ തല്‍ക്ഷണം മരിച്ചിരുന്നു. കൊലപാതകം കഴിഞ്ഞ് ചെന്താമര വീടിനകത്ത് കയറി വെട്ടാനുപയോഗിച്ച വാള്‍ മുറിക്കകത്തുവെച്ച് മുന്‍വശത്തെ വാതിലടച്ചശേഷം പിന്നിലെ വാതിലിലൂടെ രക്ഷപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *