കാബുള്‍ വിമാനത്താവളത്തിലെ ചാവേര്‍ ബോംബാക്രമണത്തില്‍ തിരിച്ചടിച്ച് അമേരിക്ക. അഫ്ഗാനിസ്ഥാനിലെ ഐഎസ് ശക്തിക്രേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തിയാണ് അമേരിക്ക തിരിച്ചടിച്ചത്. കാബൂള്‍സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ ഒളിച്ചിരിക്കുന്നുവെന്ന് കരുതിയ നന്‍ഗന്‍ പ്രവിശ്യയിലാണ് ആക്രമണം നടത്തിയത്. വ്യോമാക്രമണത്തില്‍ കാബൂള്‍ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചതായാണ് ലഭിക്കുന്ന വിവരം. ഡ്രോണ്‍ ആക്രമണം നടത്തിയതായും ലക്ഷ്യം കൈവരിച്ചുവെന്നും അമേരിക്കന്‍ പ്രതിരോധ വിഭാഗത്തിന്റെ കേന്ദ്രമായ പെന്റഗണ്‍ സ്ഥിരീകരിച്ചു. പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്.
അതേസമയം വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേര്‍ സ്‌ഫോടനത്തിലെ മരണം 170 ആയി. കൊല്ലപ്പെട്ടവരില്‍ 13 അമേരിക്കന്‍ സൈനികരും, രണ്ട് ബ്രിട്ടീഷ് പൗരന്‍മാരുമുണ്ട്. മരിച്ചവരില്‍ ഏറെയും അഫ്ഗാന്‍ പൗരന്മാരാണ്. 30 താലിബാന്‍കാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മോര്‍ച്ചറികള്‍ നിറഞ്ഞതോടെ, ആശുപത്രി വരാന്തകളിലാണ് ഇപ്പോള്‍ മൃതദേഹം കിടത്തുന്നത്.
വിമാനത്താവളത്തിന് പുറത്ത് ഇരട്ടസ്‌ഫോടനം ഉണ്ടായിട്ടില്ലെന്നും, ഒരു ചാവേര്‍ ആക്രമണം മാത്രമാണ് നടന്നതെന്നും അമേരിക്ക തിരുത്തി. വിമാനത്താവളം ഇപ്പോഴും ആക്രണ ഭീഷണി നേരിടുന്നു എന്ന് പെന്റഗണ്‍ ആവര്‍ത്തിച്ചു. വിമാനത്താവളത്തിന് പുറത്ത്, ആയുധമേന്തിയ താലിബാന്‍കാര്‍ സുരക്ഷ കൂട്ടിയെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ വിമാനത്താവളത്തിന്റെ സുരക്ഷ, താലിബാന്‍ ഏറ്റെടുത്തെന്ന റിപ്പോര്‍ട്ടുകള്‍ അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.
