ചേര്‍ത്തല: കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും ഐക്യം വൈകരുതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വലതുപക്ഷ പിന്തിരിപ്പന് ശക്തികളും ബി.ജെ.പിയും ആര്.എസ്.എസും പിടിമുറുക്കുന്ന ഇന്ത്യയില്‍ സി.പി.ഐ-സി.പി.എം ഐക്യം ആവശ്യമാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
ചേര്‍ത്തലയില്‍ സി. അച്യുതമേനോന് പഠനകേന്ദ്രം സംഘടിപ്പിച്ച പരിപാടിയിലാണ് സി.പി.ഐ-സി.പി.എം ഐക്യത്തെ കുറിച്ച് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടിയത്. ഭാവിയേപ്പറ്റി പറയുമ്പോഴെങ്കിലും ഐക്യത്തെ ലക്ഷ്യമായി പ്രഖ്യാപിക്കാന്‍ കാലമായെന്നാണ് സി.പി.ഐയുടെ കാഴ്ചപ്പാട്. നാളെ ഒന്നാകണമെന്നല്ല പറയുന്നത്. എന്നാല്‍, ആ ലക്ഷ്യം പ്രഖ്യാപിക്കാന്‍ കാലമായെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
ലയനം എന്ന ആശയമല്ല മുന്നോട്ടുവെക്കുന്നത്. ലയനം എന്നത് രാഷ്ട്രീയ വാക്കല്ല. ലയനം എന്നത് ഒരു പൈങ്കിളി പദമാണ്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തത്വാധിഷ്ടിത പുനരേകീരണമാണ് സി.പി.ഐ മുന്നോട്ടുവെക്കുന്നതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
