ഡിസിസി പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പിൽ ചർച്ച നടത്തിയില്ലെന്ന വാദം തെറ്റാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ചർച്ച നടന്നില്ല എന്ന ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാദം തെറ്റാണെന്ന് സതീശൻ പറഞ്ഞു. താനും സുധാകരനും മൂലയിൽ മാറിയിരുന്നു കൊടുത്ത ലിസ്റ്റ് അല്ല. എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരു പട്ടിക ഉണ്ടാക്കാൻ ആകില്ല. താഴെത്തട്ടിൽ വരെ മാറി മാറി ചർച്ച നടത്തി.കേരളത്തിന്റെ കോൺഗ്രസ് ചരിത്രത്തിൽ ഇത്രയും വിശദമായി ചർച്ച നടക്കുന്നത് ഇതാദ്യമാണ്. ഉമ്മൻചാണ്ടിയോടും ചെന്നിത്തലയോടും രണ്ട് തവണ ചർച്ച നടത്തിയെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ആദ്യം താൻ കെപിസിസി പ്രസിഡന്റുമായും അതിന് ശേഷം എംഎൽഎമാരുമായും പിന്നീട് എംപിമാരുമായും ചർച്ച നടത്തിയെന്ന് അറിയിച്ചു.ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാൻ ആണെങ്കിൽ പിന്നെ താൻ ഈ സ്ഥാനത്ത് എന്തിനാണെന്നും വി ഡി സതീശൻ ചോദിച്ചു. ഡിസിസി ലിസ്റ്റിൽ ആരും പെട്ടിതൂക്കികൾ അല്ല. അത്തരം വിമർശനങ്ങൾ
അംഗീകരിക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
ഓരോ ജില്ലകളിലെയും കോൺഗ്രസ് നേതാക്കന്മാരുമായി പ്രത്യേകം ആശയവിനിമയം നടത്തിയതായി വി.ഡി സതീശൻ പറഞ്ഞു.
കോൺഗ്രസിൽ എല്ലാവരെയും തൃപ്തിപ്പെടുത്തി ലിസ്റ്റിറക്കാൻ കഴിയുമോ? ജനാധിപത്യപരമായ ചിട്ടവട്ടങ്ങളിലൂടെയാണ് ചെയ്തത്. ചിലർ ഇവരെക്കൊണ്ട് കഴിയുന്നതല്ല ലിസ്റ്റ് പുറത്തിറങ്ങുന്നത് വൈകുന്നു എന്ന് പ്രചരിപ്പിച്ചു. ഈ പറഞ്ഞവർ സ്ഥാനത്തിരുന്നപ്പോൾ ആറ് മാസം മുതൽ ഒരു വർഷം വരെ വൈകിയാണ് ലിസ്റ്റിറങ്ങിയതെന്ന് സതീശൻ സൂചിപ്പിച്ചു.
പരാതിയുളള നേതാക്കൾ എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവറുമായും രാഹുൽ ഗാന്ധിയുമായും ചർച്ച നടത്തി. പ്രശ്നത്തിൽ ഉമ്മൻചാണ്ടിയും ചെന്നിത്തലയും പരസ്യപ്രതികരണത്തിന് മുതിരരുതായിരുന്നെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടു
