ഇ എം എസിന്റെ ഓര്‍മദിനത്തില്‍ സഖാവിനെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അദ്ദേഹം എന്ന് മുഖ്യമന്ത്രി കുറിച്ചു. ഫേസ്ബുക്ക് വഴിയാണ് മുഖ്യമന്ത്രി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. മാര്‍ക്‌സിസം-ലെനിനിസത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ വ്യാഖ്യാനിക്കുന്നതിലും പ്രയോഗവല്‍ക്കരിക്കുന്നതിലും സഖാവ് ഇഎംഎസ് നല്‍കിയ സംഭാവനകള്‍ അതുല്യമാണ് എന്നും അദ്ദേഹം പറഞ്ഞു .

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

യുഗപ്രഭാവനായ സഖാവ് ഇ എം എസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 27 വര്‍ഷം തികയുകയാണ്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അദ്ദേഹം സിപിഐ എം ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ നിറഞ്ഞു നിന്നു. മാര്‍ക്‌സിസം-ലെനിനിസത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ വ്യാഖ്യാനിക്കുന്നതിലും പ്രയോഗവല്‍ക്കരിക്കുന്നതിലും
സഖാവ് ഇഎംഎസ് നല്‍കിയ സംഭാവനകള്‍ അതുല്യമാണ്. സിദ്ധാന്തത്തെ പ്രയോഗവുമായി സമന്വയിപ്പിക്കുന്നതില്‍ അദ്ദേഹം
നടത്തിയ വിപുലമായ ഇടപെടലുകള്‍ക്ക് ഉദാഹരണങ്ങളേറെയാണ്.

ആധുനിക കേരളത്തിന്റെ ശില്പിയായ ഇ എം എസിന്റെ നേതൃത്വത്തിലുള്ള ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ് കേരള മോഡല്‍ വികസനത്തിന് അടിത്തറയിട്ടത്. അധികാരമേറ്റയുടന്‍ തന്നെ കുടിയൊഴിപ്പിക്കല്‍ നിരോധന ഓര്‍ഡിനന്‍സ് നടപ്പിലാക്കിയ ആ സര്‍ക്കാര്‍ ഭൂപരിഷ്‌കരണ നടപടികളിലൂടെ ജാതി ജന്മി നാടുവാഴിത്തത്തിന്റെ സാമ്പത്തിക അധികാരഘടനകളെ പൊളിച്ചെഴുതി.
വിദ്യാഭ്യാസ ബില്‍ ഉള്‍പ്പെടെ കേരള സമൂഹത്തെ രൂപപ്പെടുത്തിയ ഒട്ടനവധി നിയമനിര്‍മ്മാണങ്ങളാണ് ഒന്നാം ഇ എം എസ് സര്‍ക്കാരിന്റെ കാലത്തു നടന്നത്.
ഒന്നാം ഇ എം എസ് സര്‍ക്കാര്‍ നല്‍കിയ അടിത്തറയില്‍ നിന്നുകൊണ്ടാണ് കേരളത്തിന്റെ വികസന മുന്നേറ്റം ലോകത്തിനാകെ മാതൃകയായി മാറിയത്. നവലിബറല്‍ നയങ്ങള്‍ക്ക് ബദല്‍ തീര്‍ത്തുകൊണ്ടും ജനപക്ഷ വികസനമൊരുക്കിക്കൊണ്ടുമുള്ള കേരളത്തിന്റെ പ്രയാണം ഇ എം എസ് കാട്ടിയ വഴിയിലൂടെ തന്നെയാണ്. നവകേരളത്തിലേക്കുള്ള മുന്നേറ്റത്തില്‍ സഖാവ് ഇ എം എസിന്റെ ഉജ്ജ്വല സ്മരണ നമുക്കു കരുത്താകും.

Leave a Reply

Your email address will not be published. Required fields are marked *