മുണ്ടൂരിലെ കുമ്മംകോട് യുവാവിനെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു. മണികണ്ഠനാണ് കൊല്ലപ്പെട്ടത്. രാത്രി മദ്യപിച്ചിരിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. കൊലപാതകം നടത്തിയ അയല്‍വാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മുണ്ടൂരിലെ കുമ്മംകോട് എന്ന പ്രദേശത്തെ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു കൊല്ലപ്പെട്ട മണികണ്ഠന്‍. ഭാര്യ പിണങ്ങിപ്പോയ അദ്ദേഹത്തിന് ചില മാനസിക പ്രശ്‌നങ്ങളും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. തൊട്ടടുത്ത താമസിക്കുന്ന വിനോദും സഹോദരനും ഇടയ്ക്ക് മണികണ്ഠനെ മദ്യപിക്കാന്‍ ക്ഷണിക്കാറുണ്ടായിരുന്നു. പതിവുപോലെ ഇന്നലെ രാത്രി ഒരുമിച്ചുള്ള മദ്യപാനത്തിനിടെയാണ് തര്‍ക്കമുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.

രാവിലെ മണികണ്ഠന്‍ മരിച്ചുകിടക്കുന്നത് ഇതുവഴി പോകുമ്പോള്‍ ഒരു അയല്‍വാസി കാണുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. ഇരുവരും സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് പ്രതിയായ വിനോദിനെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. വിനോദിന്റെ സഹോദരന്‍ ഒളിവിലാണ്. വിനോദിന്റെ അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *