തിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ തുടരുന്ന എന്‍. പ്രശാന്ത് ഐഎഎസിന്റെ ഹിയറിങ് ഈ മാസം 16ന് നടക്കും. വൈകിട്ട് 4.30ന് ചീഫ് സെക്രട്ടറിക്ക് മുന്‍പില്‍ ഹാജരാകാനാണ് നിര്‍ദേശം. കാരണം കാണിക്കല്‍ നോട്ടീസിന് ചീഫ് സെക്രട്ടറിയോട് തിരികെ ചോദ്യങ്ങള്‍ ചോദിച്ചയാളെ ഹിയറിങ്ങിന് വിളിച്ചതില്‍ ഒരു വിഭാഗം ഐഎ എസു കാര്‍ക്ക് അതൃപ്തിയുണ്ട്.

അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ജയതിലകിനെയും കെ. ഗോപാലകൃഷ്ണന്‍ ഐഎഎസിനെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു എന്നതിന്റെ പേരിലാണ് പ്രശാന്തിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ പ്രശാന്തിന് കുറ്റാരോപിത മെമ്മോ നല്‍കിയിരുന്നു.ഇതിനു മറുപടി നല്‍കാതെ ചില ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ചീഫ് സെക്രട്ടറിക്ക് പ്രശാന്ത് രണ്ട് കത്തുകള്‍ നല്‍കി. തനിക്കെതിരെ ആരാണ് പരാതി നല്‍കിയത് ,തന്റെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ സ്‌ക്രീന്‍ഷോട്ട് ആരാണ് എടുത്തത് തുടങ്ങി 7 ചോദ്യങ്ങള്‍ ആയിരുന്നു പ്രശാന്ത് ഉന്നയിച്ചത് .ഇതിനു മറുപടി നല്‍കിയശേഷം കുറ്റാരോപിത മെമ്മോയ്ക്ക് മറുപടി നല്‍കാമെന്ന നിലപാടാണ് പ്രശാന്ത് സ്വീകരിച്ചത്.

എന്നാല്‍ പ്രശാന്തിന്റെ ഈ നിലപാടാണ് സസ്‌പെന്‍ഷന്‍ നീട്ടാന്‍ കാരണമായത്. കുറ്റാരോപിത മെമ്മോയ്ക്ക് പ്രശാന്ത് മറുപടി നല്‍കിയിട്ടില്ലെന്ന വാദമുയര്‍ത്തി റിവ്യൂ കമ്മിറ്റി 120 ദിവസത്തേക്ക് സസ്‌പെന്‍ഷന്‍ നീട്ടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *