ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ ആക്രമിച്ച ഭീകരരുടെ രേഖാചിത്രത്തിനു പുറമെ അക്രമികള്‍ നാലുപേര്‍ ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയും സുരക്ഷാസേന പുറത്തുവിട്ടു. രേഖാചിത്രത്തിലുള്ള ആസിഫ് ഫൗജ്, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നിവരാണ് ചിത്രത്തിലെ മൂന്നുപേര്‍. നാലാമന്‍ ആരാണെന്ന് സേന വ്യക്തമാക്കിയിട്ടില്ല. ആറുപേരാണ് പഹല്‍ഗാമിലെ ബൈസാരന്‍ പുല്‍മേട്ടില്‍ ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ രണ്ടുപേരെങ്കിലും വിദേശികളാണെന്ന് കരുതുന്നതായി സുരക്ഷാ സേന അറിയിച്ചു.
ഭീകരര്‍ക്കായുള്ള തിരച്ചില്‍ മേഖലയില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. രേഖാചിത്രം പുറത്തുവിട്ട മൂന്ന് പേരും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത റെസിസ്റ്റന്‍സ് ഫ്രണ്ടില്‍ അംഗങ്ങളാണ്. നിരോധിത ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്യിബയുടെ പ്രാദേശിക വിഭാഗമാണ് റെസിസ്റ്റന്‍സ് ഫ്രണ്ട്. തിരച്ചിലിനിടെ ബാരാമുല്ലയില്‍ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു.
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നടന്ന ആക്രമണത്തില്‍ മലയാളിയായ രാമചന്ദ്രനുള്‍പ്പെടെയുള്ള വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ രണ്ട് വിദേശികളുമുണ്ട്. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ 26 പേര്‍ക്ക് ബൈസാരന്‍ പുല്‍മേട്ടില്‍വെച്ചും മൂന്ന് പേര്‍ക്ക് ആശുപത്രിയില്‍ ചികിത്സക്കിടെയും ജീവന്‍ നഷ്ടമായി.
