താമരശ്ശേരിയിൽ ഭാര്യയെ മർദ്ദിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിലായി.ഭർത്താവിന്റെ മർദനത്തെ തുടർന്ന് അർധരാത്രി വീട് വിട്ടോടിയ യുവതിയെയും മകളെയും നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.നസ്ജയുടെ പരാതിയിൽ താമരശ്ശേരി പൊലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് ഭർത്താവ് നൗഷാദിനെ അറസ്റ്റ് ചെയ്തത്. കുട്ടിയെ മർദ്ദിച്ചത് ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. താമരശ്ശേരി അമ്പയത്തോട് സ്വദേശി നസ്ജയും മകളുമാണ് ക്രൂര മർദനത്തിന് ഇരയായത്. നൗഷാദ് ലഹരിക്ക് അടിമയാണെന്നും നിരന്തരം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ആളാണെന്നും നാട്ടുകാർ പറഞ്ഞു.
നൗഷാദ് നസ്ജയെ വീടിന് അകത്തു വച്ച് തലക്കും ദേഹത്തും മർദിച്ചു. ഇതിന് പിന്നാലെ വെട്ടിക്കൊല്ലുമെന്ന് പറഞ്ഞു കൊടുവാളുമായി വീടിന് ചുറ്റും ഓടിച്ചു. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ എട്ട് വയസുകാരി മകൾക്കും ഭർതൃ മാതാവിനും പരിക്കേറ്റു. രാത്രി 10 മണിക്ക് ആരംഭിച്ച മർദനം രണ്ട് മണിക്കൂറോളം നീണ്ടു. ഇതിന് പിന്നാലെയാണ് നസ്ജ മകളെയും കൂട്ടി വീടുവിട്ടോടിയത്. ഓടുന്നതിനിടെ വീണു പരിക്കേറ്റ ഇരുവരെയും നാട്ടുകാരാണ് രക്ഷിച്ചത്. നസ്ജ ഇപ്പോള്‍ താമരശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *