
പയ്യന്നൂരിൽ ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും ബിജെപി നേതാവുമായ മിനി നമ്പ്യാർക്ക് ജാമ്യം. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി കേസിലെ മൂന്നാം പ്രതിയായ മിനിക്ക് ജാമ്യം അനുവദിച്ചത്. മാർച്ച് ഇരുപതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മിനിയുടെ സുഹൃത്തായ സന്തോഷാണ് ഭർത്താവ് രാധാകൃഷ്ണനെ വെടിവച്ചുകൊന്നത്.
ഗൂഢാലോചന കുറ്റമായിരുന്നു മിനിക്കെതിരെ ചുമത്തിയിരുന്നത്. കൈതപ്രത്ത് പണിയുന്ന വീടിനുള്ളിൽ വച്ച് രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ച് കൊല്ലുകയായിരുന്നു. മിനി കൊലപാതകത്തിന് മുമ്പും ശേഷവും സന്തോഷിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.
മിനിയും സന്തോഷും ഒരുമിച്ച് പഠിച്ചവരായിരുന്നു. ആറുമാസം മുമ്പ് നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ വച്ചാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. വിദ്യാർത്ഥി കൂട്ടായ്മയുടെ ഭാഗമായി കണ്ണൂരിൽ വിനോദയാത്ര പോയപ്പോൾ ഇരുവരും കൈകൾ കോർത്ത് നിൽക്കുന്ന ഫോട്ടോ സന്തോഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നതായി പറയുന്നു. ഇതേ തുടർന്ന് രാധാകൃഷ്ണനും ഭാര്യയുമായി വഴക്കും വാക്കേറ്റമുണ്ടായിരുന്നു. സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്. സൗഹൃദത്തെ ചൊല്ലി രാധാകൃഷ്ണൻ ഭാര്യയെ മർദ്ദിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നാണ് സന്തോഷ് പൊലീസിന് മൊഴി നൽകിയിരുന്നത്.
പടക്കം പൊട്ടിയ ശബ്ദമാണെന്നാണ് ആദ്യം പരിസരവാസികൾ കരുതിയിരുന്നത്. രാധാകൃഷ്ണന്റെ മകനാണ് കരഞ്ഞു വീടിനു പുറത്തേക്കു വന്ന് സംഭവം പരിസരത്തുള്ളവരെ അറിയിച്ചത്. നാട്ടുകാർ ഓടിയെത്തുമ്പോൾ വരാന്തയിൽ രക്തത്തിൽ കുളിച്ച നിലയിലാണു രാധാകൃഷ്ണനെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. പൊലീസ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയപ്പോഴാണ് പ്രദേശത്തുനിന്ന് സന്തോഷിനെ പിടികൂടിയത്.
