കോഴിക്കോട്: പി.വി. അന്‍വര്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് കെ.പി.സി.സി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ. പി.വി. അന്‍വര്‍ നിലപാട് തിരുത്തണമെന്ന് തന്റെയും വി.ഡി. സതീശന്റെയും നിലപാടെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.
അന്‍വര്‍ തിരുത്തി വരണമെന്ന് തന്നെയാണ് കെ. സുധാകരന്റെയും നിലപാട്. എല്ലാവരും ആലോചിച്ച് എടുത്ത തീരുമാനമാണ്. നേതാക്കള്‍ പറഞ്ഞ വാക്കുകളില്‍ മാത്രമാണ് വ്യത്യാസം, നിലപാടില്‍ മാറ്റമില്ല. അന്‍വര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ അംഗീകരിക്കാത്തതാണ് പ്രധാന പ്രശ്‌നമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി അന്‍വര്‍ ചര്‍ച്ച നടത്തട്ടെ എന്നാണ് തീരുമാനം. അതു കൊണ്ടാണ് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അന്‍വറിനെ കാണാന്‍ വിസമ്മതിച്ചത്.
തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ പാര്‍ട്ടി ആയതിനാല്‍ കേരളത്തില്‍ സഖ്യം ഉണ്ടാക്കാന്‍ തടസമുണ്ട്. ഈ വിഷയത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. എന്നാല്‍, അസോസിയേറ്റ് മെമ്പറായി പ്രഖ്യാപിക്കാന്‍ മടിയില്ല. അതിന് അന്‍വര്‍ ധൃതി വെക്കേണ്ട. അന്‍വര്‍ സ്വതന്ത്രമായി മത്സരിക്കില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.