തിരുവനന്തപുരം: പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണ ആഘോഷങ്ങളില്‍ രാജ്യം. യോഗ ഭൂമിക്കും ആരോഗ്യത്തിനും എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വിശാഖപട്ടണത്ത് 3 ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന യോഗാ സംഗമം തുടങ്ങി.

മികച്ച രീതിയില്‍ വിശാഖപട്ടണത്ത് യോഗസംഗമം സംഘടിപ്പിച്ച ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും മന്ത്രി നര ലോകേഷിനെയും അഭിനന്ദിച്ചാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. യോഗ ലോകത്തെ ഒന്നിപ്പിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം തുടര്‍ച്ചയായി പതിനൊന്നാം തവണയാണ് യോഗയിലൂടെ ലോകം ഒന്നിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. ഇന്ന് കോടികണക്കിന് പേരുടെ ജീവിതത്തിന്റെ ഭാഗമാണ് യോഗ. ഞാന്‍ എന്നതില്‍ നിന്ന് നമ്മള്‍ എന്ന ഭാവവും ഭാരത സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉദ്ധംപൂരിലെ മിലിറ്ററി സ്റ്റേഷനില്‍ സൈനികര്‍ക്കൊപ്പം യോഗാദിന പരിപാടിയില്‍ പങ്കെടുക്കും. യോഗാ സംഗമം പരിപാടിയുടെ ഭാഗമായി ഒരേസമയം രാജ്യത്തെ 10 ലക്ഷത്തില്‍ അധികം സ്ഥലങ്ങളില്‍ യോഗ സംഘടിപ്പിക്കും. ദില്ലിയില്‍ റെഡ് ഫോര്‍ട്ട്, കുത്തബ് മിനാര്‍, കര്‍ത്തവ്യപഥ് തുടങ്ങി 109 സ്ഥലങ്ങളില്‍ യോഗ ദിനത്തോടനുബന്ധിച്ച് പരിപാടികള്‍ നടക്കും. ദില്ലിയില്‍ കര്‍ത്തവ്യപഥില്‍ നടക്കുന്ന യോഗ ദിനാചരണത്തില്‍ ജെ.പി നദ്ദ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *