അണക്കര(ഇടുക്കി): പ്ലസ് ടുവിന് നല്ല മാര്‍ക്കോടെ പാസായാല്‍ സ്മാര്‍ട്ട് വാച്ച് വാങ്ങിതരാമെന്നായിരുന്നു കുവൈത്തിലുള്ള അമ്മ ജിനു, മകന്‍ ഷാനറ്റിന് കൊടുത്ത വാക്ക്. ഷാനറ്റ് നല്ലമാര്‍ക്കോടെ പാസായപ്പോള്‍ മകന് നല്‍കാനായി അമ്മ വാച്ചും വാങ്ങിവെച്ചു. നാട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ നല്‍കാമെന്ന് കരുതി സൂക്ഷിച്ചു. ഒടുവില്‍ ആ വാച്ചുമായി അമ്മ നാട്ടിലെത്തിയപ്പോള്‍, പൊന്നുമോന്റെ ചേതനയറ്റ ശരീരമാണ് അമ്മ കണ്ടത്.

അണക്കര ചെല്ലാര്‍ക്കോവില്‍ ജൂണ്‍ 17-നുണ്ടായ ബൈക്കപടത്തില്‍ മരിച്ച വെള്ളറയില്‍ ഷാനറ്റ് ഷൈജു(17)വിന്റെ സംസ്‌കാരം ചൊവ്വാഴ്ച ഒലിവുമല സെയ്ന്റ് ജോണ്‍സ് യാക്കോബായ പള്ളി സെമിത്തേരിയിലാണ് നടന്നത്. കുവൈത്തില്‍ നിന്നും കൊണ്ടുവന്ന വാച്ച് അവന്റെ മൃതദേഹത്തില്‍ വച്ചാണ് അമ്മ യാത്രയാക്കിയത്.

അണക്കര ചെല്ലാര്‍കോവിലിനു സമീപം കഴിഞ്ഞയാഴ്ച ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണു വിദ്യാര്‍ഥികളും സുഹൃത്തുക്കളുമായ വെള്ളറയില്‍ ഷാനറ്റ് ഷൈജു, അലന്‍ കെ.ഷിബു എന്നിവര്‍ മരിച്ചത്. അലന്റെ സംസ്‌കാരം തൊട്ടടുത്ത ദിവസം നടത്തിയിരുന്നു. കുവൈത്തില്‍ ഏജന്‍സിയുടെ തൊഴില്‍ത്തട്ടിപ്പിനിരയായി തടങ്കലില്‍ കഴിഞ്ഞിരുന്ന ജിനു എത്താന്‍ വൈകിയതു മൂലമാണു ഷാനറ്റിന്റെ സംസ്‌കാരം വൈകിയത്. തിങ്കളാഴ്ച വൈകിട്ടാണു ജിനു നാട്ടിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *