തൃശ്ശൂര്‍: പുതുക്കാട് രണ്ട് നവജാത ശിശുക്കളെ യുവതി കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തില്‍ കുഴികള്‍ തുറന്നുള്ള പരിശോധന ആരംഭിച്ചു. കുഴിയില്‍ നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഒരടി താഴ്ചയിലെടുത്ത കുഴിയില്‍ നിന്നും ചെറിയ എല്ലിന്‍ കഷണങ്ങളാണ് കണ്ടെത്തിയത്. കൊലപാതകം നടന്ന് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് കുഴികള്‍ തുറന്ന് ഒരു കുട്ടിയുടെ അസ്ഥി എടുക്കുന്നത്. മണ്ണിന്റെ അവശിഷ്ടങ്ങളും ഫോറന്‍സിക് സംഘം ശേഖരിക്കുന്നുണ്ട്. അനീഷ പറഞ്ഞ സ്ഥലത്തുനിന്നാണ് അവശിഷ്ടങ്ങള്‍ കിട്ടിയത്. കുഞ്ഞിനെ കുഴിച്ചുമൂടിയ കുഴി അത് തന്നെയാണെന്നാണ് പൊലീസ് പറയുന്നത്.

ഒന്നാം പ്രതി അനീഷ ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട രണ്ടാം പ്രതി ഭവിന്റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് ഫോറന്‍സിക് സംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നത്. ഇളക്കിയ മണ്ണും, അസ്ഥികളുമടക്കം കിട്ടിയ അവശേഷിപ്പുകള്‍ ഫോറന്‍സിക് സംഘം കവറില്‍ ശേഖരിച്ചു. 2021 നവംബര്‍ ആറിനും 2024 ഓഗസ്റ്റ് 29 നുമാണ് നവജാത ശിശുക്കളെ ശ്വാസംമുട്ടിച്ച് കൊന്നത്. 2020 ലാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഭവിനുമായി അനീഷ പ്രണയത്തിലാവുന്നത്. തുടര്‍ന്നാണ് 2021 ല്‍ ആദ്യ ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നത്. ഈ കുട്ടിയെ അനീഷ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം വീട്ടുപറമ്പില്‍ രഹസ്യമായി കുഴിച്ചിടുകയായിരുന്നു.

പിന്നീടും ഭവിനുമായി ബന്ധം തുടര്‍ന്ന അനീഷ 2024-ല്‍ വീണ്ടും ഗര്‍ഭിണിയായി. ഏപ്രില്‍ 24-ന് വീട്ടിലെ മുറിയില്‍ വെച്ച് രണ്ടാമതും ഒരാണ്‍കുഞ്ഞിനെ പ്രസവിച്ച അനീഷ കുഞ്ഞ് കരഞ്ഞതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം ഭവിന്റെ ആമ്പല്ലൂരിലെ വീട്ടുപറമ്പില്‍ ഇരുവരും ചേര്‍ന്ന് രഹസ്യമായി കുഴിച്ചുമൂടിയെന്നാണ് അനീഷ നല്‍കിയ മൊഴി. രണ്ടിടത്തും പൊലീസും ഫോറന്‍സിക് സംഘവും പരിശോധന തുടരുകയാണ്. അനീഷയുമായി ഇന്നലെ പൊലീസ് സംഭവ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *