
യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്. കൊല്ലപ്പെട്ട യെമൻ പൗരൻ തലാല്‍ അബ്ദുമഹ്ദിയുടെ സഹോദരനുമായി കാന്തപുരം സംസാരിച്ചു. സുഹൃത്തും യെമനിലെ പ്രശസ്ത ഇസ്ലാമിക പണ്ഡിതനുമായ ഹബീബ് ഉമര്‍ ബിന്‍ ഹഫീളുമായാണ് കാന്തപുരം ബന്ധപ്പെട്ടത്. യെമന്‍ ഭരണകൂടവുമായും ബന്ധപ്പെട്ടു. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമമുണ്ടാകുമെന്ന് ഉറപ്പു നല്‍കിയതായി കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞദിവസം ചാണ്ടി ഉമ്മന്‍ എംഎല്‍എ കാന്തപുരവുമായി ബന്ധപ്പെട്ട് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടണമെന്ന് അഭ്യർഥിച്ചിരുന്നു.
അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ ഈമാസം 16-ന് നടപ്പാക്കുമെന്ന പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. കുടുംബത്തിന് ദിയാധനം നല്കി വധശിക്ഷ ഒഴിവാക്കാനുളള ശ്രമം തുടരുകയാണെന്ന് യെമെനിലെ മനുഷ്യാവകാശ പ്രവര്ത്തകന് സാമുവേല്‍ ജെറോം പറഞ്ഞു. നിമിഷപ്രിയ തടവില്‍ കഴിയുന്ന സനായിലെ ജയില്‍ അധികൃതര്‍ക്കാണ് വധശിക്ഷ നടപ്പാക്കാന്‍ നിര്‍ദേശിച്ചുള്ള കത്ത് ലഭിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ ആണ് ഇത്തരമൊരു കത്ത് നല്‍കിയതെന്നാണ് വിവരം. ജൂലായ് 16-ന് വധശിക്ഷ നടപ്പാക്കണമെന്ന് കത്തില്‍ പറയുന്നുണ്ട്.
ബിസിനസ് പങ്കാളിയായിരുന്ന യെമന്‍ പൗരന് തലാല്‍ അബ്ദു മെഹദി കൊല്ലപ്പെട്ട കേസില്‍ 2017 മുതല്‍ ജയിലില്‍ കഴിയുകയാണ് നിമിഷപ്രിയ. കൊലപാതകത്തില്‍ നിമിഷപ്രിയക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റുചെയ്യുകയും 2018-ല്‍ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. കീഴ്ക്കോടതി വിധി യെമനിലെ സുപ്രീംകോടതിയും ശരിവച്ചിരുന്നു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമനിലെത്തി മകളുടെ മോചനത്തിനു വേണ്ടി ശ്രമം നടത്തിയിരുന്നു.
