കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ ‘ഉല്ലാസ്’ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍എസ്എസും ജില്ലാ സാക്ഷരതാ മിഷനും ചേര്‍ന്ന് നടത്തുന്ന സര്‍വേ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്‍എസ്എസ് യൂണിറ്റുകള്‍ക്ക് ജില്ലാതല പരിശീലനം സംഘടിപ്പിച്ചു. തിരുവമ്പാടി അല്‍ഫോന്‍സാ കോളേജില്‍ നടന്ന പരിശീലനം ലിന്റോ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് മെമ്പറും കോളേജ് മാനേജറുമായ ഫാ. സജി മംഗരയില്‍ അധ്യക്ഷത വഹിച്ചു.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്‍സന്‍, എന്‍എസ്എസ് ജില്ലാ കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, വൈസ് പ്രിന്‍സിപ്പല്‍ എം സി സെബാസ്റ്റ്യന്‍, ഫാ. ഷിജു മാത്യു, ടി വി അജിത തുടങ്ങിയവര്‍ സംസാരിച്ചു.
സാക്ഷരതാ മിഷന്‍ കോഴിക്കോട് ജില്ലാ കോഓഡിനേറ്റര്‍ പി വി ശാസ്തപ്രസാദ്, വയനാട് ജില്ലാ കോഓഡിനേറ്റര്‍ പി പ്രശാന്ത് കുമാര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സാക്ഷരതാ പ്രേരക്മാരും റിസോഴ്സ് പേഴ്സണ്‍മാരും പരിശീലനത്തിന് നേതൃത്വം നല്‍കി. അല്‍ഫോന്‍സാ കോളേജ് തിരുവമ്പാടി, അല്‍ ഇര്‍ഷാദ് കോളേജ് ഫോര്‍ വിമന്‍ തെച്ചിയാട്, വികെഎച്ച്എംഒ കോളേജ് മുക്കം, ഡോണ്‍ ബോസ്‌ക്കോ കോളേജ് എന്നിവിടങ്ങളിലെ എന്‍എസ്എസ് വളണ്ടിയര്‍മാരാണ് മേഖലാതല പരിശീലനത്തില്‍ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *