
അരി ഉൾപ്പെടെയുള്ള ധാന്യങ്ങളും പയറും ഉണക്കിയ മറ്റു ഭക്ഷ്യവസ്തുക്കളും കുപ്പികളിൽ നിറച്ച് കടൽത്തീരത്തെത്തുന്ന ഈജിപ്തുകാർഅത് മധ്യധരണ്യാഴിയിലേക്കൊഴുക്കുകയാണ്. ഈ ‘അന്ന’ക്കുപ്പികൾ ഗാസയുടെ തീരത്തെത്തുമെന്നും ജനങ്ങളുടെ പട്ടിണിമാറ്റുമെന്നുമുള്ള പ്രതീക്ഷയിലാണിത്.
ഇസ്രയേൽ ഉപരോധത്തിൽ ഗാസ രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ‘കടലിൽ നിന്ന് കടലിലേക്ക് – ഗാസയ്ക്കായി പ്രതീക്ഷയുടെ ഒരു കുപ്പി’ എന്ന പേരിൽ ഈജിപ്ഷ്യൻ ജനത പ്രചാരണം ആരംഭിച്ചത്.
ഈജിപ്ത്, ലിബിയ, അൾജീരിയ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലെ സന്നദ്ധപ്രവർത്തകരും ഇതേറ്റെടുത്തു. ഇസ്രയേലിനെതിരേയുള്ള ‘കുപ്പിപ്രതിരോധം’ കടലിനെ മലിനമാക്കുമെന്ന വിമർശനവുമുയരുന്നുണ്ട്.
ഇസ്രയേൽ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് ഇസ്‍ലാമിക പഠനം നിർബന്ധമാക്കി
ടെൽ അവീവ്: സൈന്യത്തിലെ രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥർക്ക് അറബിഭാഷയിൽ പ്രാവീണ്യവും ഇസ്‍ലാമിക പഠനവും നിർബന്ധമാക്കി ഇസ്രയേൽ. 2023 ഒക്ടോബർ ഏഴിന്റെ ഹമാസ് ആക്രമണം തടയുന്നതിലുണ്ടായ ഇന്റലിജൻസ് വീഴ്ച ഭാവിയിൽ ആവർത്തിക്കപ്പെടാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.
ഇസ്രയേൽ പ്രതിരോധ സേനയുടെ(ഐഡിഎഫ്) ഇന്റലിജൻസ് ഡയറക്ടറേറ്റായ ‘അമാന്റെ’ മേധാവി മേജർ ജനറൽ ശ്ലോമി ബിന്ദർ ഇത് സംബന്ധിച്ച ഉത്തരവിറക്കി. ഇസ്‍ലാമിക സംസ്കാരം, ഭാഷ, മതപഠനം എന്നിവയിൽ ഇന്റലിജൻസ് വിഭാഗം വേണ്ടത്ര മികവ് പുലർത്തുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അടുത്തവർഷം അവസാനത്തോടെ അമാനിലെ മുഴുവൻ സൈനികർക്കും ഇസ്‍ലാമിക പഠനത്തിലും 50 ശതമാനം പേർക്ക് അറബിഭാഷയിലും പരിശീലനം ലഭിക്കും.
ഇസ്രയേലിനെതിരേ ഇറാന്റെ നേതൃത്വത്തിൽ നിലകൊള്ളുന്ന സായുധസംഘങ്ങളുടെ ആശയവിനിമയങ്ങൾ വിശകലനം ചെയ്യാനുള്ള ശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യം.
