കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരത്തോടു കൂടി സൗത്ത് കൊടിയത്തൂരില്‍ പ്രവര്‍ത്തിക്കുന്ന സീതി സാഹിബ് കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറിയില്‍ നടക്കുന്ന സ്വാതന്ത്ര്യ സമര –മലബാര്‍ സമര ചരിത്ര പുസ്തകങ്ങളുടെ പ്രദര്‍ശനം ( തലശ്ശേരി)ജില്ലാ ജഡ്ജി കെ ടി നിസാര്‍ അഹമ്മദ് സന്ദര്‍ശിച്ചു.
സീതി സാഹിബ് കള്‍ച്ചറല്‍ സെന്റര്‍ നടത്തിയ ‘മെറിറ്റ് ഈവ് 25 ‘പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. സൗത്ത് കൊടിയത്തൂര്‍ എ യു പി സ്‌കൂളില്‍ പഠിച്ച അദ്ദേഹം,തന്റെ പഠനകാലവും പഠനത്തില്‍ ഉണ്ടായ വഴിത്തിരിവുകളും എല്ലാം സരസമായി അവതരിപ്പിച്ചു. ലക്ഷ്യബോധത്തോടെ മുന്നേറിയാല്‍, ദൈവീക സഹായമുണ്ടായാല്‍ എല്ലാ രംഗത്തും നമുക്ക് മുന്നിലെത്താം എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
മലബാര്‍ സമരകാലത്തെ ചരിത്രവും സമരത്തിന് നേതൃത്വം നല്‍കിയതും പിന്തുണച്ചുവരുമായ ആള്‍ക്കാരുടെ ചരിത്രരേഖകളും മുസ്ലിം പണ്ഡിതന്മാരുടെ പങ്കാളിത്തവും വരച്ചുകാട്ടുന്നതാണ് പ്രദര്‍ശനം. ഓരോ പണ്ഡിതനും ആ നാട്ടിലെ എല്ലാവരുടെയും പ്രിയപ്പെട്ട നേതാവായിരുന്നു. എല്ലാവരും മതമൈത്രിയെ ഉയര്‍ത്തി കാണിച്ചുകൊണ്ടാണ് അധിനിവേശ ശക്തികള്‍ക്കെതിരെ പോരാടിയത്. കൊടിയത്തൂരുമായി അഭേദ്യ ബന്ധമുള്ള മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മുതല്‍ മൗലാന മുഹമ്മദലി, മൗലാന അബുല്‍ കലാം ആസാദ് തുടങ്ങി, സ്വാതന്ത്ര സമര ചരിത്രത്തിലെ ജീവനാഡിയായ മഹാത്മജി,ജവഹര്‍ലാല്‍ നെഹ്‌റു,സരോജിനി നായിഡു,അതിര്‍ത്തി ഗാന്ധി തുടങ്ങിയ സേനാനികളെയും ഇവിടെ പരിചയപ്പെടുത്തുന്നുണ്ട്.

അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം വൈകുന്നേരം 4:30 മുതല്‍ 6: 30 വരെ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും കാണാവുന്നതാണ്. കൊടിയത്തൂരിന്റെ ചരിത്രം പ്രത്യേകമായി പഠിക്കാന്‍ ആഗ്രഹിക്കുന്ന ഗവേഷകര്‍ക്ക് അതിനുള്ള അവസരം ഒരുക്കി കൊടുക്കുന്നുണ്ട്. കൊടിയത്തൂരിലെയും പരിസരപ്രദേശത്തുള്ളവരിലെയും ഗ്രന്ഥകര്‍ത്താക്കളുടെ ഒട്ടുമിക്ക പുസ്തകങ്ങളും ലൈബ്രറി ശേഖരിച്ച് ഒരു അലമാരിയില്‍ പ്രത്യേകം നമ്പര്‍ ചേര്‍ത്ത് വെച്ചിട്ടുണ്ട്. ഇപ്പോള്‍ അത്തരം പുസ്തകങ്ങള്‍ 400 ഓളം ആയിട്ടുണ്ട്. ലൈബ്രറിയില്‍ മൊത്തം ഏഴായിരത്തിലധികം പുസ്തകങ്ങള്‍ ഉണ്ട്. പ്രദര്‍ശനം കാണാനും ലൈബ്രറി സന്ദര്‍ശിക്കാനും ഏവരെയും കമ്മിറ്റി സ്വാഗതം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *