ചേര്‍ത്തല: മദ്യലഹരിയില്‍ കിടപ്പുരോഗിയായ വയോധികനെ ക്രൂരമായി മര്‍ദിക്കുകയും വിഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ മക്കള്‍ പിടിയില്‍. ഇരട്ടസഹോദരങ്ങളായ പട്ടണക്കാട് പഞ്ചായത്ത് എട്ടാംവാര്‍ഡ് ചന്ദ്രനിവാസില്‍ അഖില്‍ ചന്ദ്രന്‍ (31), നിഖില്‍ ചന്ദ്രന്‍ (31) എന്നിവരെയാണ് പട്ടണക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കിടപ്പിലായ പിതാവ് ചന്ദ്രശേഖരന്‍ നായരെ (73) ആണ് മര്‍ദിച്ചത്. ഞായറാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇരുവരും മാതാവിന്റെ മുന്നില്‍വെച്ചാണ് മര്‍ദിച്ചത്. പിതാവിനെ അഖില്‍ വലിച്ചിഴക്കുകയും തലയില്‍ ഇടിക്കുകയും ചെയ്തു. പ്രാണഭയത്താല്‍ ഒന്നും ശബ്ദിക്കാനാകാത്ത നിലയിലായിരുന്നു ദമ്പതികള്‍. നിഖിലാണ് മൊബൈലില്‍ പകര്‍ത്തിയത്.

കട്ടിലില്‍ ഇരുന്നുകൊണ്ട് അഖില്‍ കൈയില്‍ ധരിച്ചിരുന്ന സ്റ്റീല്‍ വളകൊണ്ട് തലക്ക് പിന്നില്‍ അടിക്കുന്നതും അനങ്ങാന്‍ പറ്റാത്ത രീതിയില്‍ ഇരുകൈയിലും പിടിച്ച് തിരിക്കുന്നതും കഴുത്തില്‍ പിടിച്ച് തിരിച്ച് വേദനിപ്പിക്കുന്നതും ദൃശ്യത്തിലുണ്ട്. അച്ഛനെ ദേഹോപദ്രവം ചെയ്യുന്നതുകണ്ട് അതില്‍നിന്ന് പിന്തിരിപ്പിക്കാതെ വിഡിയോ എടുത്ത കേസിലാണ് നിഖിലിനെതിരെ കേസെടുത്തത്. മര്‍ദിക്കുന്നതിനിടെ ഇരുവരും സന്തോഷം പങ്കുവെക്കുന്നതും ദൃശ്യത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *