ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീമിനെ ടി20 ലോകകപ്പ് ജേതാക്കളാക്കിയശേഷം ഇന്ത്യന്‍ ടീം പരീശിലക സ്ഥാനം ഒഴിഞ്ഞശേഷമാണ് ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. ഒരു സീസണില്‍ മാത്രം ടീമിനെ പരിശീലിപ്പിച്ചശേഷമാണ് ദ്രാവിഡ് പടിയിറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫിന് യോഗ്യത നേടാനായിരുന്നില്ല. 14 മത്സരങ്ങളില്‍ നാലു മത്സരം മാത്രം ജയിച്ച രാജസ്ഥാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തൊട്ടു മുമ്പില്‍ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ടീം പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ദ്രാവിഡിന് ടീമില്‍ ഉയര്‍ന്ന സ്ഥാനം വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നുവെന്ന് രാജസ്ഥാന്‍ റോയല്‍സ് എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി. നായകന്‍ സഞ്ജു സാംസണ്‍ അടുത്ത ഐപിഎല്‍ സീസണ് മുമ്പ് ടീം വിടാനുള്ള താല്‍പര്യം അറിയിച്ചിരുന്നു. സഞ്ജുവിനെ ട്രേഡിലൂടെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ താല്‍പര്യം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ട്രേഡില്‍ കൈമാറേണ്ട കളിക്കാരെ സംബന്ധിച്ച ഭിന്നതകളെ തുടര്‍ന്ന് സഞ്ജുവിന്റെ കൂടുമാറ്റം അനിശ്ചിതത്വത്തിലായിരിക്കെയാണ് ദ്രാവിഡ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *