പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ശബരിമല തന്ത്രി അയ്യപ്പ വിഗ്രഹത്തിന് മുന്നിൽ ദീപം തെളിയിച്ചു. ദേവസ്വംമന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. നിരവധി പേര്‍ ഇപ്പോൾ തന്നെ അയ്യപ്പ സംഗമത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭക്തിഗാനാലാപനത്തോടെയാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്.
ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം സാമാന്തര ചർച്ച നടക്കും. പകൽ 12 മുതല്‍ വിവിധ വേദികളിൽ ശബരിമല മാസ്റ്റര്‍പ്ലാന്‍, ആത്മീയ ടൂറിസം സര്‍ക്യൂട്ട്, ശബരിമലയിലെ ആള്‍ക്കൂട്ട നിയന്ത്രണവും തയ്യാറെടുപ്പുകളും എന്നീ വിഷയങ്ങളിൽ ഒരേസമയം ചര്‍ച്ചനടക്കും. പകൽ രണ്ടുമുതല്‍ വിജയ് യേശുദാസ് നയിക്കുന്ന സംഗീതപരിപാടി. 3.20ന് ചര്‍ച്ചകളുടെ സമാഹരണവും തുടര്‍ന്ന് പ്രധാനവേദിയില്‍ സമാപനസമ്മേളനവും. ശേഷം പ്രതിനിധികള്‍ക്ക് ശബരിമല ദര്‍ശനം ഒരുക്കിയിട്ടുണ്ട്.
വിദേശരാജ്യങ്ങളില്‍ നിന്നടക്കം 3000 പ്രതിനിധികള്‍ പങ്കെടുക്കും. ആദ്യം രജിസ്റ്റര്‍ ചെയ്‌തവര്‍ക്കാണ് അവസരം. ഇവര്‍ക്കൊപ്പം മത, സാമുദായിക, സാംസ്‌കാരിക രംഗത്തെ 500 പേരും പങ്കെടുക്കും. പാസ് മുഖേനെയാണ് പ്രവേശനം. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ പമ്പാതീരത്തും സമീപ പ്രദേശത്തും ഒരുക്കിയിരിക്കുന്നത്.
