കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്‌ണൻ മൺമറഞ്ഞിട്ട് മൂന്നാണ്ട് തികയുകയാണ്. 2005ൽ തുടങ്ങിയ നിയോജക മണ്ഡലം വിഭജനത്തിൽ കോടിയേരി കാട്ടിയ രാഷ്ട്രീയ തന്ത്രമാണ് യുഡിഎഫിന് ഇന്നും കേരള ഭരണം പിടിക്കാൻ ബാലികേറാ മലയായി നിലനിൽക്കുന്നത് എന്നത് മറ്റൊരു കൗതുകം. 2009ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പ് മുതലാണ് മണ്ഡലം പുനർനിർണയിക്കപ്പെട്ടത്.

പിന്നീടുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പിലെല്ലാം യുഡിഎഫ് മൃഗീയ ഭൂരിപക്ഷം നേടുമ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 80 സീറ്റിന് മുകളിൽ പോകാൻ പറ്റിയില്ല എന്നത് മറ്റൊരു രാഷ്ട്രീയ കൗതുകം. 2014ൽ ഉമ്മൻചാണ്ടിയിലൂടെ യുഡിഎഫ് കേരള ഭരണം പിടിക്കുമ്പോൾ പോലും രണ്ട് സീറ്റുകളുടെ ഭൂരിപക്ഷം മാത്രമാണ് ഉണ്ടായിരുന്നത്.

മണ്ഡലങ്ങളുടെ അതിർത്തി നിർണയത്തിൽ കോടിയേരി കാട്ടിയ ആ മികവാണ് ഇപ്പോഴും പിണറായി വിജയൻ ഹാട്രിക് ഭരണത്തിലേക്ക് അടുക്കുമെന്ന് കെ ബാലകൃഷ്‌ണനെ പോലുള്ള രാഷ്ട്രീയ നിരീക്ഷകർ പോലും പറയുന്നത്. കർക്കശ്യങ്ങളുടെ ഭാരമില്ലാതെ ജനഹൃദയങ്ങളിലേക്ക് ഇറങ്ങിയ നയതന്ത്രജ്ഞതയുടെയും സമവായത്തിന്‍റെയും കമ്മ്യൂണിസ്‌റ്റ് മുഖമായിരുന്നു കോടിയേരി ബാലകൃഷ്‌ണൻ്റേത്. പാര്‍ട്ടിക്ക് പ്രതിസന്ധിയുണ്ടായാല്‍ വച്ചുനീട്ടാതെ പരിഹരിക്കുന്നതില്‍ കോടിയേരി കാട്ടിയ ജാഗ്രത രാഷ്ട്രീയ തന്ത്രജ്ഞതയും ഏത് പ്രതിസന്ധിയെയും ചിരിച്ച് കൊണ്ട് നേരിടുന്ന കോടിയേരി സ്റ്റൈലും ഒരുപക്ഷെ മറ്റാർക്കും അനുകരിക്കാൻ പറ്റാത്തതാണ്.

മൂന്ന് വർഷം മുൻപ് ഒക്ടോബർ ഒന്നിന് തലശേരി ടൗൺ ഹാളില്‍ കോടിയേരിയുടെ മൃതദേഹത്തിന് മുന്നില്‍ അചഞ്ചലനായി ഏഴ് മണിക്കൂറോളം ഒരേ ഇരിപ്പില്‍ ഭാവവ്യത്യാസങ്ങളിലാതെ ഇരുന്ന പിണറായി വിജയനെ കേരളം ഇതിന് മുൻപ് കണ്ടിട്ടുണ്ടായിരുന്നില്ല. സിഎച്ച് കണാരനും അഴീക്കോടൻ രാഘവനും ഇഎംഎസും എകെജിയും ചടയൻ ഗോവിന്ദനും ഇകെ നായനാരും അങ്ങനെ മുന്നില്‍ നിന്ന് നയിച്ചവരും ഒപ്പം നടന്ന സഖാക്കളും വിട പറഞ്ഞപ്പോഴൊന്നും പിണറായിക്ക് മനസ് ഇടറിയിട്ടുണ്ടാകില്ല. ഏറ്റവും ഒടുവിൽ പ്രിയ നേതാവിൻ്റെ മൃതദേഹം തോളിലേറ്റി ചിതയിലേക്ക് എടുക്കാനും പിണറായി മുന്നിലുണ്ടായിരുന്നു. അതെ പിണറായി തന്നെയാണ് തലശേരിയിൽ ഇന്ന് അനുസ്‌മരണ യോഗത്തിന് എത്തുന്നതും.

Leave a Reply

Your email address will not be published. Required fields are marked *