വ്യാജ ചുമ മരുന്ന് സിറപ്പ് കഴിച്ച് മധ്യപ്രദേശിൽ ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ കൂടി മരിച്ചു. മൂന്നും രണ്ടും വയസ്സുള്ള കുട്ടികളാണ് വൃക്ക തകരാറിലായി മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കഫ് സിറപ്പ് മൂലമുള്ള മരണസംഖ്യ 20 ആയി ഉയർന്നു. നിലവിൽ ഒൻപത് കുട്ടികൾ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുകയാണ്.

കഫ് സിറപ്പ് കഴിച്ച് ഗുരുതരാവസ്ഥയിലുള്ള കുട്ടികളുടെ ചികിത്സാ ചെലവ് മുഴുവൻ സർക്കാർ വഹിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു. വ്യാജ ചുമ മരുന്ന് സിറപ്പുകൾ കണ്ടെത്താനായി രാജ്യവ്യാപകമായി പ്രത്യേക സ്ക്വാഡുകളുടെ പരിശോധന തുടരുകയാണ്.

ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങളെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ മരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തി. പഞ്ചാബിൽ ‘കോൾഡ്രിഫ് കഫ് സിറപ്പിന്’ നിരോധനം ഏർപ്പെടുത്തി. കേരളത്തിലും നിയന്ത്രണങ്ങൾ ശക്തമാക്കി.

ഗുജറാത്തിലെ റെഡ്നെക്സ് കമ്പനിയുടെ ‘റെസ്പി ഫ്രഷ്’ എന്ന മരുന്നിന്റെ വിൽപ്പന ഇവിടെ വിലക്കി. രാജസ്ഥാനിലും മധ്യപ്രദേശിലും കുട്ടികൾ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

സംഭവത്തിൽ ആരോഗ്യ മന്ത്രിക്ക് എതിരെ മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഉമാങ് സിംഗർ രൂക്ഷവിമർശനവുമായി രംഗത്തെത്തി. മുന്നറിയിപ്പ് നൽകിയിട്ടും സർക്കാർ അവഗണിച്ചെന്നും, ചെറിയ കുറ്റങ്ങൾക്ക് പോലും വീട് ഇടിച്ചു നിരത്തുന്നവർ ഈ ഗുരുതരമായ കുറ്റത്തിന് ആരോഗ്യ മന്ത്രിയുടെ വീട് ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *