തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ക്ലീൻചിറ്റ്. മുഖ്യമന്ത്രിയുടെ ക്ഷേത്ര സന്ദർശനത്തിൽ യാതൊരുവിധ ആചാര ലംഘനവും ഉണ്ടായിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ എ.വി. ഗോപിനാഥ് ഔദ്യോഗികമായി അറിയിച്ചു.
നിയമാനുസൃതം മുൻകൂട്ടി പാസ്സെടുത്താണ് മുഖ്യമന്ത്രി ക്ഷേത്രദർശനം നടത്തിയതെന്നാണ് ദേവസ്വം ബോർഡിന്റെ അന്വേഷണ കണ്ടെത്തൽ. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ ദേവസ്വം ബോർഡ് ചെയർമാൻ നേരിട്ട് മൊഴി രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി അഞ്ച് പേർക്കായി നെയ്‌വിളക്ക് വഴിപാട് ചീട്ട് എടുത്തിരുന്നുവെന്നും അത് പ്രകാരമുള്ള നിയമാനുസൃത ദർശനം മാത്രമാണ് നടത്തിയതെന്നും തെളിഞ്ഞു.
കൂടുതൽ ആളുകൾ മുഖ്യമന്ത്രിക്കൊപ്പം ദർശനത്തിന് ഉണ്ടായിരുന്നില്ലെന്നും, മുഖ്യമന്ത്രിയുടെ സന്ദർശനം കാരണം ഒരാൾക്ക് പോലും ദർശനം നടത്താനാകാതെ മടങ്ങേണ്ടി വന്നിട്ടില്ലെന്നും മൊഴി ലഭിച്ചു. മന്ത്രി എ.പി. അനിൽകുമാറിന്റെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി ഗുരുവായൂരിൽ എത്തിയത്.മുഖ്യമന്ത്രിയുടെ സന്ദർശനം ഭക്തർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണൻ ദേവസ്വത്തിന് പരാതി നൽകുകയായിരുന്നു. എന്നാൽ, ഞായറാഴ്ച ദർശനം നടത്തിയത് സാധാരണ ഭക്തരെപ്പോലെ നിയമാനുസൃതമായി ചീട്ടെടുത്താണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
