നിലവിലെ സാമൂഹികാവസ്ഥയില്‍ ജാതി സംവരണം ഇല്ലാതായേക്കുമെന്ന് സുപ്രീം കോടതി. പരിഷ്്കൃത സമൂ.ഹത്തില്‍ സാമ്പത്തിക സംവരണമാകും നിലനില്‍ക്കുകയെന്നും ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
മറാത്ത സംവരണ നിയമം ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ വാദംകേള്‍ക്കുന്നതിനിടെയാണ് സുപ്രപീംകോടതിയുടെ പരാമര്‍ശം.ജാതി അടിസ്ഥാനത്തിൽ ഉള്ള സംവരണം രാഷ്ട്രീയ വൽക്കരിക്കപെട്ടിരിക്കുകയാണെന്ന് മറാഠ സംവരണ കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ഹാജരായ അഭിഭാഷകൻ ശ്രീറാം പിങ്ഗളെ വാദിച്ചു. ഇന്ദിര സാഹ്നി വിധിയുടെ അടിസ്ഥാനത്തിൽ സംവരണം നിശ്ചയിക്കുന്നതിനുള്ള ഘടകം ജാതി ആയി മാറി. ഇത് ഘട്ടം ഘട്ടം ആയി മാറ്റേണ്ടതാണെന്നും ശ്രീറാം പിങ്ഗളെ വാദിച്ചു.

ഇതേ തുടർന്നാണ് ഭരണഘടന ബെഞ്ചിന് നേതൃത്വം നൽകുന്ന ജസ്റ്റിസ് അശോക് ഭൂഷൺ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണം മാത്രമേ നിലനിൽക്കുകയുള്ളൂ എന്ന് നിരീക്ഷിച്ചത്. സംവരണ പരിധി 50 ശതമാനം കടക്കാന്‍ പാടില്ലെന്ന ഇന്ദ്രസാഹ്നി കേസിലെ വിധി പുനഃപരിശോധിക്കുന്നതില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ അനുകൂല നിലപാടാണ് അറിയിച്ചത്.മറാത്ത സമുദായത്തിന് വിദ്യാഭ്യാസം, സര്‍ക്കാര്‍ ജോലി എന്നിവയില്‍ അനുവദിക്കുന്ന സംവരണം 12-13 ശതമാനമാണ്. മഹാരാഷ്ട്രയിലെ ഈ നിയമം കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. 50 ശതമാനം എന്ന സംവരണ പരിധി ലംഘിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നിയമം റദ്ദാക്കിയത്. 50 ശതമാനത്തിനു മുകളില്‍ സംവരണം നല്‍കുന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യാവകാശത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി 1992-ല്‍ സാഹ്നി കേസില്‍ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഭൂരിപക്ഷം സംസ്ഥാനങ്ങളും പുനഃപരിശോധനയെ അംഗീകരിച്ചാല്‍ സംവരണ പരിധി ഉയര്‍ത്തുന്നതില്‍ അന്തിമ വിധിയുണ്ടാകും.

സംവരണ പരിധി 50 ശതമാനം കടക്കാം എന്നും ഇന്ദിര സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കാം എന്ന നിലപാട് ആണ് കേരളം ഭരണഘടന ബെഞ്ചിന് മുമ്പാകെ സ്വീകരിച്ചത്. സംവരണ വിഷയത്തിൽ തീരുമാനങ്ങൾ എടുക്കാൻ ഉള്ള അധികാരം സംസ്ഥാനങ്ങൾക്ക് ആകണം എന്നും കേരളം സുപ്രീംകോടതിയിൽ വാദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *