എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ഹിജാബ് വിവാദത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രശ്‌നത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആസൂത്രിത ശ്രമമാണ് സ്‌കൂള്‍ മാനേജ്‌മെന്റ് ഭാഗത്തു നിന്നും ഉണ്ടായതെന്ന് മന്ത്രി വി ശിവന്‍കുട്ടി. ചില ഭീഷണികളും അവരുടെ ഭാഗത്ത് നിന്നും ഉണ്ടായി. വിഷയത്തെ അതിന്റെ യഥാര്‍ത്ഥ തലത്തില്‍ നിന്ന് മാറ്റി രാഷ്ട്രീയ തലത്തിലേക്ക് എത്തിച്ചത് ബോധപൂര്‍വ്വമായ ശ്രമമാണെന്ന് പറഞ്ഞ മന്ത്രി സ്‌കൂള്‍ അഭിഭാഷകയും അതിന്റെ മാനേജ്‌മെന്റ് നടത്തിയ വാര്‍ത്താ സമ്മേളനം അതിന് ഉദാഹരണമാണെന്നും പറഞ്ഞു.
വിഷയം സംബന്ധിച്ച് അന്വേഷണം നടത്തിയത് സാധാരണ നടപടിക്രമം മാത്രമാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുകയായിരുന്നു അവരുടെ പ്രഥമ ലക്ഷ്യം. വിദ്യാഭ്യാസ മേഖലയെ വര്‍ഗീയ വല്‍ക്കരിക്കാന്‍ അനുവദിക്കില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും. വെല്ലുവിളി ഒന്നും ഇങ്ങോട്ട് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് സര്‍ക്കാരിന് പ്രധാനം ഇപ്പോള്‍ ആ വിഷയം ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തിക്കഴിഞ്ഞു. വീണ്ടും പ്രകോപനത്തിനായി പത്രസമ്മേളനം നടത്തുന്നത് ശരിയല്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ ഭാഗം വിശദീകരിക്കുന്നത്. ഞങ്ങള്‍ക്ക് നിയമമൊന്നും ബാധകമല്ല എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന് എന്ത് അധികാരം എന്നാണ് ചോദിച്ചത്, അങ്ങനെ ഒരു മാനേജ്‌മെന്റും ഇതുവരെ ചോദിച്ചിട്ടില്ല. സര്‍ക്കാരിന് മുകളിലാണ് ഞങ്ങള്‍ എന്ന മനോഭാവം ഉണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ തയ്യാറല്ല. ജനാധിപത്യ വിരുദ്ധമായിട്ടാണ് മാനേജ്‌മെന്റ് പെരുമാറിയതെന്നും മന്ത്രി പറഞ്ഞു.
