കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ മാലിന്യസംസ്‌ക്കരണ ഫാക്ടറിക്ക് എതിരായ സമരം അക്രമാസക്തമായി. ഫ്രഷ കട്ട് അറവുമാലിന്യ സംസ്‌കരണ ഫാക്ടറിക്ക് നാട്ടുകാര്‍ തീയിട്ടു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവിശി. സംഘര്‍ഷത്തില്‍ താമരശേരി സിഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും പരുക്കേറ്റു.

ഫാക്ടറിക്ക് തീയിട്ടെന്ന വിവരമറിഞ്ഞതിനെ തുടര്‍ന്ന് തീ അണയ്ക്കാനായി പ്രദേശത്തേക്ക് തിരിച്ച ഫയര്‍ ഫോഴ്‌സ് വാഹനത്തെ രണ്ട് കിലോമീറ്റര്‍ അപ്പുറത്ത് വച്ച് നാട്ടുകാര്‍ തടഞ്ഞുവയ്ക്കുന്ന സ്ഥിതിയുമുണ്ടായി. ജനകീയ പ്രതിഷേധം നടക്കുമ്പോഴും പൊലീസ് നരനായാട്ട് നടത്തുന്നുവെന്നാണ് പ്രതിഷേധിക്കുന്ന നാട്ടുകാരുടെ ആരോപണം. പൊലീസ് കണ്ണീര്‍ വാതകം ഉള്‍പ്പെടെ തങ്ങള്‍ക്കെതിരെ പ്രയോഗിച്ചപ്പോഴാണ് പൊലീസിനുനേരെ കല്ലെറിഞ്ഞതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരേയും നാട്ടുകാരേയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കമ്പനിക്കെതിരെ അഞ്ച് വര്‍ഷത്തോളമായി നാട്ടുകാര്‍ സമരം ചെയ്ത് വരികയായിരുന്നു. ഫാക്ടറിയില്‍ നിന്ന് വരുന്ന ദുര്‍ഗന്ധം, മറ്റ് പാരിസ്ഥിതി, ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവ ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ സമരം. ഇന്ന് പ്രതിഷേധത്തിന് കൂടുതല്‍ ആളുകളെത്തുകയും ഉച്ചയോടെ സമരത്തിന്റെ ഗതിമാറുകയും പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തു. സംഘര്‍ഷത്തില്‍ താമരശ്ശേരി സിഐ സായൂജ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *