മാനനഷ്ടക്കേസ് ഫയൽ ചെയ്ത് നവീൻ ബാബുവിന്റെ കുടുംബം
കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യക്കും, ടി വി പ്രശാന്തനും എതിരെ കെ നവീൻ ബാബുവിന്റെ കുടുംബം മാനനഷ്ടക്കേസ് പത്തനംതിട്ട സബ്കോടതിയിൽ ഫയൽ ചെയ്തു. ഇരുവർക്കും കോടതി നോട്ടീസ് അയച്ചു. ഹർജി അടത്ത മാസം 11ന് പരിഗണിക്കും. 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്.
നവീൻ ബാബുവിനെ അഴിമതിക്കാരനെന്ന് പൊതുസമൂഹത്തിന് മുന്നിൽ തെറ്റായി ചിത്രീകരിച്ചെന്ന് കുടുംബം ഹർജിയിൽ ചൂണ്ടിക്കാട്ടി. മരണശേഷവും പ്രശാന്തൻ പലതവണ ഇത് ആവർത്തിച്ചു എന്നാണ് ഹർജിയിലെ ആരോപണം.
2024 ഒക്ടോബർ 15-നാണ് നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ കളക്ടറേറ്റിൽ നടന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കപ്പെടാതെ കടന്നുവരുകയും അപകീർത്തികരമായി പ്രസംഗിക്കുകയും ചെയ്തുവെന്നാണ് ദിവ്യയ്ക്കെതിരായ ആരോപണം. നവീൻബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു പ്രശാന്തൻ ആരോപിച്ചിരുന്നത്. പ്രശാന്തന്റെ പെട്രോൾ പമ്പ് അനുമതിക്കായുള്ള അപേക്ഷ സംബന്ധിച്ചാണ് ദിവ്യ യാത്രയയപ്പ് യോഗത്തിൽ സംസാരിച്ചതും തുടർന്നുള്ള സംഭവങ്ങൾ ഉണ്ടായതും.
സംഭവത്തിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ദിവ്യയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രതിഷേധങ്ങളെയും സമ്മർദങ്ങളെയും തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തുനിന്ന് ദിവ്യ രാജിവെക്കുകയും ചെയ്തിരുന്നു.
