കരൂരിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിക്കാനൊരുങ്ങി വിജയ്. 27 തിങ്കളാഴ്ച ചെന്നൈക്കടുത്തുള്ള മാമല്ലപുരത്തെ റിസോർട്ടിൽ വെച്ചാകും സന്ദർശനം. വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) ആണ് കൂടിക്കാഴ്ചയ്ക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
ദുഃഖിതരായ കുടുംബങ്ങളെ നേരിട്ട് കാണാനും അനുശോചനം അറിയിക്കാനും സൗകര്യപ്രദമാകുന്നതിനായി പാർട്ടി ഒരു റിസോർട്ടിൽ 50 മുറികൾ ബുക്ക് ചെയ്തത്. കൂടാതെ കുടുംബാംഗങ്ങൾക്ക് വേദിയിലെത്താൻ പാർട്ടി ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, ഇത് തികച്ചും സ്വകാര്യമായ പരിപാടിയാണ്. അതിനാൽ മാധ്യമപ്രവർത്തകരെയോ പാർട്ടിയിലെ മറ്റ് അംഗങ്ങളെയോ കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ അനുവദിക്കില്ല.
കരൂരിൽ നേരിട്ട് സന്ദർശനം നടത്തുന്നതിനു പകരം ദുരിതബാധിത കുടുംബങ്ങളെ യാത്ര ചെയ്യിപ്പിച്ച് ചെന്നൈയിലേക്ക് എത്തിക്കുന്നതിനെതിരെ ചില കോണുകളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്. എന്നാൽ, കരൂരിലെ ഇരകളെ സന്ദർശിക്കാൻ അധികാരികളിൽ നിന്ന് അനുമതി ലഭിക്കാത്തതിനാലാണ് ഈ ക്രമീകരണങ്ങൾ ചെയ്തതെന്ന് ടിവികെ നേതാക്കൾ വാദിക്കുന്നു.
സെപ്റ്റംബർ 27 നാണ് വിജയ്‌യുടെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ 41 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നത്. ദുരന്തം നടന്ന് ഒരു ദിവസത്തിനുശേഷം, ഇരയായ ഓരോ കുടുംബത്തിനും 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നടൻ പ്രഖ്യാപിച്ചിരുന്നു. കൂടാതെ വിജയ് വീഡിയോ കോളുകൾ വഴി ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ സമീപിക്കുകയും ഏകദേശം 20 മിനിറ്റ് നീണ്ട സംഭാഷണങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉണ്ടായ ഈ ദുരന്തം തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്.
