കൊല്ലം: കേന്ദ്ര സര്‍ക്കാരിനെതിരെ 2024 ഫെബ്രുവരി എട്ടിന് ഡല്‍ഹിയില്‍ സമരം ചെയ്ത കേരള സര്‍ക്കാരാണ് എല്ലാവരേയും കബളിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരോടും പറയാതെയാണ് പി.എം ശ്രീയില്‍ ഒപ്പിട്ടത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തന്നെ പി.എം ശ്രീയില്‍ ഒപ്പിടാന്‍ കേരളം സന്നദ്ധത അറിയിച്ചെന്നാണ് കേന്ദ്ര വിദ്യാഭാസ സെക്രട്ടറി ഇന്നലെ പറഞ്ഞത്. 2024 ഫെബ്രുവരി എട്ടിനാണ് കേന്ദ്ര സര്‍ക്കാരിനെതിരെ കേരളം ഡല്‍ഹിയില്‍ സമരം ചെയ്തത്. കേന്ദ്ര അവഗണയ്ക്ക് എതിരെയുള്ള സമരത്തില്‍ മറ്റ് ചില മുഖ്യമന്ത്രിമാരും പങ്കെടുത്തു. ഫെബ്രുവരി എട്ടിന് സമരം നടത്തിയിട്ട്, എല്ലാവരേയും കബളിപ്പിച്ച് മാര്‍ച്ചില്‍ പി.എം ശ്രീയില്‍ ഒപ്പിടാന്‍ സന്നദ്ധത അറിയിച്ചു.

മുഖ്യമന്ത്രി പ്രധാനമന്ത്രിയേയും അമിത്ഷായേയും കണ്ടതിന് ശേഷം ആരും അറിയാതെ കരാര്‍ ഒപ്പിട്ടു. അത് തുറന്നു പറയണം. ബിജെപിയും സി.പി.എമ്മും തമ്മില്‍ അവിഹിതമായ ഒരു ബന്ധമുണ്ട്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളിലെല്ലാം ഇവര്‍ തമ്മില്‍ പരസ്പര സഹായമുണ്ട്. ഇപ്പോള്‍ വന്നിരിക്കുന്ന വിവരങ്ങള്‍ അതിന് അടിവരയിടുന്നു.

സി.പി.ഐ അപമാനിക്കപ്പെട്ടു എന്നത് സത്യമാണ്. ഏത് സി.പി.ഐയെന്നും ചോദിച്ചു. ഒപ്പ് വച്ചതിന് ശേഷം മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മന്ത്രിസഭയില്‍ മിണ്ടാതിരുന്നു. എന്ത് മാത്രം കബളിപ്പിക്കലാണ്. എന്താണ് ഇതിന് പിറകിലുള്ള ദുരൂഹത? എന്താണ് ഗൂഡാലോചനയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ ചവിട്ടി പുറത്താക്കേണ്ട സമയം കഴിഞ്ഞു. സ്വര്‍ണ കൊള്ളയില്‍ ഇപ്പോഴത്തെ ബോര്‍ഡും പ്രതികളാകും. ഇവരുടെ നിയമലംഘനം കോടതി വിധിയില്‍ വ്യക്തമാണ്. എന്നിട്ടും ബോര്‍ഡിന് കാലാവധി നീട്ടി കൊടുക്കാനാണ് നീക്കമെങ്കില്‍ വലിയ നേതാക്കളും കൊള്ളയില്‍ പങ്ക് പറ്റിയിട്ടുണ്ടെന്നാണ് അര്‍ഥം.

വ്യവസായ ആവശ്യങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിച്ച ഭൂമി വ്യവസായം നടത്താതെ മറിച്ചു വിറ്റു എന്നതാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന് എതിരായ ആരോപണം, ആരോപണത്തിന് രാജീവ് ചന്ദ്രശേഖര്‍മറുപടി പറയണമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *