വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് മദ്യലഹരിയിൽ ചവിട്ടി താഴെയിട്ട പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഇന്നലെ രാത്രി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച 19 വയസുകാരി ശ്രീക്കുട്ടിയെ ഇപ്പോള്‍ സര്‍ജറി ഐസിയുവിലേക്ക് മാറ്റി.
ആന്തരിക രക്തസ്രാവം ഉള്ളതിനാല്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ് പെണ്‍കുട്ടിയുള്ളത്. ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടിയെറിഞ്ഞ പ്രതി പനിച്ചുമൂട് സ്വദേശി സുരേഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.നിലവില്‍ തമ്പാനൂര്‍ റെയില്‍വേ പോലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് ഇന്നലെ രാത്രി 11 മണിയോടെയാണ് രേഖപ്പെടുത്തിയത്.
പ്രകോപനമൊന്നും കൂടാതെയായിരുന്നു പെണ്‍കുട്ടിയ്ക്ക് നേരെ പ്രതി സുരേഷിന്റെ ക്രൂരത. ശുചിമുറിയില്‍ നിന്ന് പെണ്‍കുട്ടി ഇറങ്ങിയപ്പോള്‍ സുരേഷ് പുറകില്‍ നിന്ന് ചവിട്ടി ട്രെയിനിന് പുറത്തേക്ക് വീഴ്ത്തുകയായിരുന്നു. ഇരുവരും തമ്മില്‍ ഒരു സംസാരം പോലുമുണ്ടായിട്ടില്ലെന്ന് ദൃക്സാക്ഷി പറഞ്ഞു.
സുരേഷ് സ്ഥിരം മദ്യപാനിയാണെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ മദ്യപാനം കാരണം ഭാര്യ മക്കളുമൊത്ത് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. കമ്പിവേലി കെട്ടുന്നതാണ് ഇയാളുടെ ജോലി. തൊഴില്‍ അന്വേഷിച്ച് യാത്ര ചെയ്യുന്നതിനിടെയാണ് ഇയാള്‍ പെണ്‍കുട്ടിയോട് കണ്ണില്ലാ ക്രൂരത കാണിച്ചത്. തിരുവനന്തപുരം പനച്ചമൂട് വോങ്കോട് സ്വദേശിയാണ് സുരേഷ്. താന്‍ മദ്യപിച്ചുവെന്ന് സുരേഷ് മാധ്യമങ്ങളോട് ഉള്‍പ്പെടെ സമ്മതിച്ചിട്ടുണ്ടെങ്കിലും താന്‍ ചവിട്ടിയിട്ടില്ലെന്നും യുവതികള്‍ ഭ്രാന്ത് പറയുന്നു എന്നുമാണ് ഇയാള്‍ മാധ്യമങ്ങളെ നോക്കി വിളിച്ചുപറഞ്ഞത്.
Advertisement
