താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ്‌കട്ട് അറവുമലിന്യ സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനായി സമരക്കാരെ പ്രതിനിധീകരിച്ചു യോഗത്തില്‍ പങ്കെടുക്കാനുള്ളവരെ നിശ്ചയിച്ചു നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോട് ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ആവശ്യപ്പെട്ടു. ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്ലാന്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ വിവിധ നിബന്ധനകള്‍ മുന്നോട്ടുവെച്ചു.
പ്ലാന്റില്‍ മാലിന്യം സംഭരിച്ചുവെയ്ക്കുന്നത് കര്‍ശനമായും ഒഴിവാക്കുക, പൂര്‍ണമായും ശീതികരിച്ച വാഹനങ്ങളിൽ മാത്രം മാലിന്യം കൊണ്ടുവരിക, ദുര്‍ഗന്ധം അനുഭവപ്പെടുന്നത് കുറയ്ക്കാന്‍ പെര്‍ഫ്യൂം സംവിധാനം ഉറപ്പുവരുക്കുക, യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തി, നിരപരാതികളെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുക, അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങി ആവശ്യങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ മൂന്നോട്ടുവെച്ചു.
പ്ലാന്റിലെ പ്രതിദിന മാലിന്യ സംസ്‌ക്കരണം 25 ടണ്ണില്‍ നിന്ന് 20 ടണ്ണായി കുറയ്ക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന ഡിസ്ട്രിക്ട് ലെവല്‍ ഫെസിലിറ്റേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി(ഡിഎല്‍എഫ്എംസി) യോഗം തീരുമാനിച്ചിരുന്നു. ദുര്‍ഗന്ധം കുറയ്ക്കുന്നതിനായി വൈകുന്നേരം ആറു മണി മുതല്‍ രാത്രി 12 മണി വരെ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും പഴകിയ അറവ് മാലിന്യങ്ങള്‍ പ്ലാന്റിലേക്ക് കൊണ്ടുവരുന്നത് പൂര്‍ണമായി നിര്‍ത്താനും പുതിയ മാലിന്യങ്ങള്‍ മാത്രം സംസ്‌ക്കരിക്കുന്നു എന്ന് ഉറപ്പുവരുത്തുമെന്നും യോഗം തീരുമാനിച്ചിരുന്നു. പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങളുടെ കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറണമെന്നും മലിനജല സംസ്‌കരണ പ്ലാന്റായ ഇടിപിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നുവെന്ന് ഉറപ്പുവരുത്താനും യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിനായി ഇടിപിയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ എന്‍ഐടിയില്‍ പരിശോധന നടത്തുമെന്നും എടുത്ത തീരുമാനങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് യോഗത്തില്‍ ജില്ല കളക്ടര്‍ അറിയിച്ചു.
ദുര്‍ഗന്ധം പരമാവധി കുറയ്ക്കുന്നതിന് തിരുവനന്തപുരത്തെ കൗണ്‍സില്‍ ഓഫ് സയിന്റിഫിക്ക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ചിന്റെ (എന്‍ഐഐഎസ്ടി) സഹായത്തോടെ പഠനം നടത്താനും നടപടികള്‍ കൈക്കൊള്ളാനും യോഗത്തില്‍ തീരുമാനയിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വമിഷന്‍ പ്രതിനിധികള്‍ തുടങ്ങി സര്‍ക്കാര്‍ ഏജന്‍സികള്‍ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുമെന്നും ജില്ല കളക്ടര്‍ യോഗത്തെ അറിയിച്ചു.
ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എം കെ മുനീര്‍ എംഎല്‍എ, എഡിഎം സി മുഹമ്മദ് റഫീഖ്,ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഇ ടി രാകേഷ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എക്സി. എഞ്ചിനീയര്‍ വി വി റമീന, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
