കൊച്ചി: തീവണ്ടിയുടെ ജനലരികിലും വാതിലിലും നിന്ന് യാത്രചെയ്യുന്നവരുടെ കൈയ്ക്ക് വടികൊണ്ടടിച്ച് മൊബൈൽ ഫോണുകൾ തട്ടിയെടുക്കുന്ന സംഘത്തിലെ മുഖ്യപ്രതി എറണാകുളം ആർ.പി.എഫിൻ്റെ പിടിയിലായി. ബംഗാൾ ഉത്തർ ദിനാജ്പുർ സ്വദേശിയായ അലി മുഹമ്മദ് (21) ആണ് അറസ്റ്റിലായത്.
എറണാകുളം പുല്ലേപ്പടി ഭാഗത്ത് തീവണ്ടി വേഗം കുറച്ചു പോകുന്ന സ്ഥലത്താണ് ഈ സംഘം പതിയിരുന്ന് കവർച്ചകൾ നടത്തിയിരുന്നത്. വടികൊണ്ട് അടിച്ചു തെറിപ്പിക്കുന്നതോടെ, യാത്രക്കാരുടെ കൈയ്യിൽ നിന്ന് മൊബൈൽ ഫോണുകൾ താഴെ വീഴുകയും, മോഷ്ടാക്കൾ അവ തട്ടിയെടുത്ത് രക്ഷപ്പെടുകയുമായിരുന്നു പതിവ്.
ഓഗസ്റ്റ് 16-ന് തിരുവനന്തപുരത്തേക്ക് പോയ ശബരി എക്സ്പ്രസിലെ യാത്രക്കാരൻ്റെ മൊബൈൽ ഫോൺ നാലംഗ സംഘം വടികൊണ്ടടിച്ച് കവർന്നതിനെ തുടർന്നായിരുന്നു എറണാകുളം ആർ.പി.എഫ് അന്വേഷണം ആരംഭിച്ചത്. ഓഗസ്റ്റ് 16-ന് മോഷണം നടന്ന അതേ സ്ഥലത്ത് വീണ്ടും എത്തിയ മൂന്ന് പേരെ ആർ.പി.എഫ് പിടികൂടിയിരുന്നു. എന്നാൽ, കൂട്ടത്തിലുണ്ടായിരുന്ന അലി മുഹമ്മദ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ബംഗാളിലേക്ക് കടന്നു കളഞ്ഞു.
കേസിലെ പ്രധാനിയായിരുന്ന അലി മുഹമ്മദിൻ്റെ മൊബൈൽ ഫോൺ ആർ.പി.എഫിൻ്റെ നിരീക്ഷണത്തിലായിരുന്നു. പ്രശ്നങ്ങളെല്ലാം കെട്ടടങ്ങിയെന്ന് കരുതി കേരളത്തിലേക്ക് തിരിച്ചെത്തിയ ഇയാൾ, മറ്റൊരു പേരിൽ ചേർത്തലയിൽ ഒരു ബേക്കറിയിൽ ജോലിക്ക് നിൽക്കുന്നതിനിടെയാണ് ആർ.പി.എഫിന്റെ പ്രത്യേക സംഘത്തിൻ്റെ വലയിലായത്. റെയിൽവേ പോലീസ് ഡിവൈ.എസ്.പി. ജോർജ്, ആർ.പി.എഫ്. ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ മുഹമ്മദ് ഹനീഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ മുഴുവൻ പിടികൂടിയത്.
