റാപ്പർ വേടൻ തനിക്കെതിരെ നടക്കുന്ന ‘സംഘടിത ആക്രമണത്തെ’ തള്ളിപ്പറഞ്ഞതിനൊപ്പം, സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാനെതിരെ ഉയർന്ന വിവാദങ്ങൾ അനാവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. താൻ മരിക്കുന്നതുവരെയും ഈ ആക്രമണം തുടരുമെന്നും എന്നാൽ അതൊക്കെ ശീലമായെന്നും വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
“അദ്ദേഹം വയസ്സായ മനുഷ്യനല്ലേ, നമ്മൾ കുറച്ച് കരുണയൊക്കെ കാണിക്കണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അനാവശ്യ വിവാദമായിരുന്നു മന്ത്രിക്കെതിരെ വന്നത്,” വേടൻ പറഞ്ഞു. താനും മന്ത്രിയുമായി നല്ല ടേമിലാണെന്നും തന്റെ വർക്കുമായി ബന്ധപ്പെട്ട് സംസാരിക്കാറുണ്ടെന്നും വേടൻ പറഞ്ഞു. കേസിന്റെ കാര്യത്തിൽ കൂടുതൽ സംസാരിക്കാനില്ല, എന്നും വേടൻ കൂട്ടിച്ചേർത്തു.
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കവെയാണ് മന്ത്രി സജി ചെറിയാൻ, ‘വേടന് പോലും അവാർഡ് നൽകി’ എന്ന് പരാമർശിച്ചത്. ഈ ‘പോലും’ എന്ന വാക്ക് വേടനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി വലിയ വിവാദമുയർന്നു. ഇതിന് പാട്ടിലൂടെ മറുപടി നൽകുമെന്ന് വേടൻ ആദ്യം പ്രതികരിച്ചതായും വാർത്തകളുണ്ടായിരുന്നു.
എന്നാൽ, വിവാദം രൂക്ഷമായതോടെ മന്ത്രി സജി ചെറിയാൻ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. വേടന്റെ വാക്കുകൾ മാത്രമാണ് താൻ ഉപയോഗിച്ചതെന്നും, ഗാനരചയിതാവല്ലാത്ത വേടന് അവാർഡ് നൽകിയതിനാലാണ് അങ്ങനെ പറഞ്ഞതെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.’മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിലെ ‘കുതന്ത്രം’ എന്ന ഗാനത്തിനാണ് വേടന് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം ലഭിച്ചത്. ഇദ്ദേഹം ലൈംഗിക പീഡന കേസുകൾ നേരിടുന്നയാൾക്ക് സംസ്ഥാന പുരസ്കാരം നൽകുന്നത് ഉചിതമല്ലെന്ന വിമർശനവും അവാർഡ് പ്രഖ്യാപന സമയത്ത് ഉയർന്നിരുന്നു.
