മലപ്പുറം: വണ്ടൂരിൽ യുവാക്കളെ ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ പൂങ്ങോട് മഠത്തിൽ പറമ്പ് വിഷ്ണു പ്രസാദ് (30) പോലീസിന്റെ പിടിയിലായി. പ്രതിക്കെതിരെ വധശ്രമത്തിനടക്കം കേസെടുത്തിട്ടുണ്ട്. ഈ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ കാവുങ്ങൽ പുത്തൻപുരയിൽ അഭിലാഷ് (28) നിലവിൽ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ, അഭിലാഷിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് മംഗലപ്പറമ്പ് സിറാജുദ്ദീൻ (30) അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
വ്യാഴാഴ്ച രാത്രി 10.30-ന് തച്ചങ്ങോട് മരുതങ്ങലിൽ വെച്ചാണ് സംഭവങ്ങളുടെ തുടക്കം. മദ്യലഹരിയിലായിരുന്ന വിഷ്ണുപ്രസാദ് കാറിൽ ജീപ്പ് ഇടിപ്പിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാരെ തടഞ്ഞുനിർത്തി പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നു. ഫാബ്രിക്കേഷൻ ജോലിക്കാരനായ അഭിലാഷും സിറാജുദ്ദീനും ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴാണ് ഈ രംഗം കണ്ടത്. വിഷ്ണുപ്രസാദ് മദ്യലഹരിയിലാണെന്ന് മനസ്സിലാക്കിയ യുവാക്കൾ, യാത്രക്കാരെ സുരക്ഷിതമായി പറഞ്ഞുവിട്ടു. ഇതിലുണ്ടായ വിരോധം കാരണമാണ് വിഷ്ണു പ്രസാദ് യുവാക്കളുടെ നേരെ ജീപ്പ് ഓടിച്ചു കയറ്റിയത്.
ഇരുവരുടെയും ബൈക്കിൽ ഇടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി, തുടർന്ന് സിറാജുദ്ദീന്റെ ബൈക്ക് 200 മീറ്ററോളം ദൂരം റോഡിലൂടെ നിരക്കി കൊണ്ടുപോവുകയായിരുന്നു. ബൈക്ക് തീപ്പൊരി പറത്തി റോഡിലൂടെ നിരങ്ങി നീങ്ങുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. വാഹനമിടിച്ച് റോഡിലൂടെ വലിച്ചിഴക്കപ്പെട്ട അഭിലാഷിന് തലയ്ക്കും കാലിനുമാണ് ഗുരുതരമായി പരിക്കേറ്റത്.
രാത്രി അഭിലാഷിനെ ആശുപത്രിയിലാക്കിയ ശേഷം പുലർച്ചെ 2.30-ന് വണ്ടൂർ അങ്ങാടിയിലേക്ക് പോയ സിറാജുദ്ദീനെയും മറ്റൊരു സുഹൃത്തിനെയും പെട്രോൾ പമ്പിന് മുൻപിൽ വെച്ച് പ്രതി വീണ്ടും ആക്രമിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. പിടിയിലായ വിഷ്ണുപ്രസാദ് നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.
