ഡൽഹി വിമാനത്താവളത്തിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും തുടർച്ചയായി ഉണ്ടായ സാങ്കേതിക തകരാറുകൾ 800-ൽ അധികം വിമാനങ്ങളുടെ സർവീസുകളെ ബാധിക്കുകയും വൻ കാലതാമസത്തിന് കാരണമാവുകയും ചെയ്തിരുന്നു. ഈ പ്രശ്നത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ടു. സ്ഥിതിഗതികൾ വിലയിരുത്തിയ കേന്ദ്രം, തിരക്കേറിയ വിമാനത്താവളങ്ങളിലെ സംവിധാനം ഉടൻ നവീകരിക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് നിർദ്ദേശം നൽകി.
തുടർച്ചയായി സാങ്കേതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന നിലവിലെ സോഫ്റ്റ്‌വെയറിന് പകരമായി, അടുത്ത 90 ദിവസത്തിനുള്ളിൽ പുതിയ എയർ ട്രാഫിക് സർവീസസ് മെസേജ് ഹാൻഡ്‌ലിംഗ് സിസ്റ്റം (AMHS) സ്ഥാപിക്കാനാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡുവും വ്യോമയാന സെക്രട്ടറി സമീർ കുമാർ സിൻഹയും വെള്ളിയാഴ്ച രാത്രി ഡൽഹി എയർ ട്രാഫിക് കൺട്രോൾ (എടിസി) കേന്ദ്രം നേരിട്ട് സന്ദർശിച്ചു. മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘത്തോടൊപ്പം പുലർച്ചെ 2 മണി വരെ ഇവിടെ തങ്ങിയ അവർ സ്ഥിതിഗതികൾ അവലോകനം ചെയ്തു. കൂടാതെ, ശനിയാഴ്ച വൈകുന്നേരം അവർ വീണ്ടും എ ടി സി കേന്ദ്രത്തിലെത്തി സിസ്റ്റം നവീകരണത്തിന്റെ പുരോഗതി വിലയിരുത്തുകയും ചെയ്തു.
ഡൽഹിയിലെ എ.ടി.സി.യിൽ അമിതമായ ജോലിഭാരവും ക്ഷീണവും അനുഭവിക്കുന്ന എയർ ട്രാഫിക് കൺട്രോളർമാർ (ATCOs) വളരെക്കാലമായി അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. 24 മണിക്കൂറും എ ടി സി പ്രവർത്തിക്കുന്നുണ്ടെങ്കിലും രാത്രിയിൽ കാന്റീൻ അടയ്ക്കുന്നതിനാൽ ടവറിൽ ചായ/കാപ്പി വെൻഡിംഗ് മെഷീൻ സ്ഥാപിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. വ്യോമയാന സെക്രട്ടറി സമീർ കുമാർ സിൻഹയുമായുള്ള ചർച്ചയിൽ ഈ ആവശ്യം ഉന്നയിക്കുകയും ഉടൻ തന്നെ അദ്ദേഹം ഇത് അംഗീകരിക്കുകയും ചെയ്തു.
