കോഴിക്കോട്: പാളയം ബസ് സ്റ്റാൻഡ് പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയിരുന്ന യുവാവ് പോലീസിൻ്റെ പിടിയിലായി. കോഴിക്കോട് ഉള്ള്യേരി സ്വദേശിയും നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയുമായ ആദർശ് (ലംബു 23) ആണ് കസബ പോലീസിൻ്റെ വലയിലായത്.
പാളയം ബസ് സ്റ്റാൻഡിലെ ശുചിമുറിക്ക് സമീപം സംശയകരമായ സാഹചര്യത്തിൽ ചുറ്റിപ്പറ്റി നിൽക്കുകയായിരുന്ന ആദർശ്, പോലീസിനെ കണ്ട ഉടൻ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇയാളെ പിന്തുടർന്ന് പിടികൂടി പരിശോധിച്ചപ്പോൾ, 54 ഗ്രാം കഞ്ചാവ് കണ്ടെത്തി. വിൽപനക്കായി കൊണ്ടുവന്ന കഞ്ചാവാണ് ഇതെന്ന് പോലീസ് സ്ഥിരീകരിച്ചു.
പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കൽ, മയക്കുമരുന്ന് വിൽപന, അനധികൃതമായി വിദേശ മദ്യം കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടെ 18-ഓളം കേസുകൾ ഇയാൾക്കെതിരെ കോഴിക്കോട് ടൗൺ, കസബ സ്റ്റേഷനുകളിലായി നിലവിലുണ്ട്. പാളയം ബസ് സ്റ്റാൻഡ് പരിസരത്തെ കഞ്ചാവ് വിതരണത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു.
