കോഴിക്കോട്: പുതുപ്പാടിയിൽ 100 രൂപയെ ചൊല്ലിയുള്ള നിസ്സാര തർക്കം സംഘർഷത്തിൽ കലാശിച്ചു. ആക്രമണത്തിൽ താമരശ്ശേരി കെടവൂർ സ്വദേശിയായ രമേശൻ എന്ന യുവാവിന് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ രമേശനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂലിയുമായി ബന്ധപ്പെട്ട നൂറു രൂപയുടെ വിഷയത്തെച്ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. താനുമായി ജോലിചെയ്യുന്ന ബന്ധുവും ഇയാളുടെ മരുമകനും ചേർന്നാണ് തന്നെ ആക്രമിച്ചതെന്നാണ് രമേശൻ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
അതേസമയം, സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ പൂർണ്ണമായ വിവരങ്ങൾ ശേഖരിച്ച ശേഷം വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
