തൃശ്ശൂർ വൈന്തലയിൽ മുളകുപൊടി എറിഞ്ഞ് അങ്കണവാടി ജീവനക്കാരിയുടെ മൂന്നു പവൻ മാല കവർന്ന സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്നുപേർ പോലീസിന്റെ പിടിയിലായി. വൈന്തല സ്വദേശിനിയായ അഞ്ജനയും രണ്ട് ആൺ സുഹൃത്തുക്കളുമാണ് കസ്റ്റഡിയിലായത്. ഇവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല.

റോഡിലൂടെ നടന്നുപോവുകയായിരുന്ന അങ്കണവാടി ജീവനക്കാരി മോളി ജോർജിനെയാണ് സംഘം ആക്രമിച്ചത്. റോഡരികിൽ സംസാരിച്ചു നിന്നിരുന്ന പരിചയക്കാരിയായ യുവതിയെയും രണ്ട് യുവാക്കളെയും മോളി കണ്ടിരുന്നു. എന്നാൽ, പിന്നീട് ഇവരിൽ ഒരാൾ പിന്നിലൂടെ ബൈക്കിലെത്തി മുളകുപൊടി മോളി ജോർജിന്റെ മുഖത്തേക്ക് എറിഞ്ഞ ശേഷം മൂന്നു പവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു.

മോളിയുടെ നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികൾ ഉടൻ തന്നെ മുഖത്ത് പാലൊഴിച്ച് മുളകുപൊടി നീക്കം ചെയ്തു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം അവർ മാള പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി.

മോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. ലഹരി ഉപയോഗിക്കുന്നതിന് പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പിടിയിലായ മൂന്ന് പ്രതികളെയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *