തിരുവനന്തപുരം ∙ മുട്ടടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ വോട്ട് ഒഴിവാക്കിയെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ന് ഉച്ചയ്ക്ക് തീരുമാനം അറിയിക്കാനിരിക്കെ യുഡിഎഫ് ക്യാംപിൽ ആകാംക്ഷയും ആശങ്കയും. തിരഞ്ഞെടുപ്പ് ഫലം ക്ലൈമാക്സ് ആണെങ്കിൽ അതിനു മുൻപുള്ള ഇന്റർവെൽ പഞ്ചിൽ തങ്ങൾക്ക് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് കോൺഗ്രസ് കരുതുന്നത്. വോട്ടർ പട്ടിക സംബന്ധിച്ച കാര്യങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താനായി എന്നതാണ് ആത്മവിശ്വാസം.
മുട്ടടയിൽ യുഡിഎഫ് സ്ഥാനാർഥി എസ് എൽ വൈഷ്‌ണ കള്ളവോട്ട് ചേർത്തെന്ന പരാതിയിൽ കോടതിയുടെ നിർദേശപ്രകാരം നടത്തുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ ഹിയറിങ് പൂർത്തിയായി. ചൊവ്വ വൈകിട്ട് മൂന്നിനുതുടങ്ങിയ ഹിയറിങ് മൂന്നു മണിക്കൂർ നീണ്ടിരുന്നു. കമീഷൻ രണ്ട് ഭാഗവും കേട്ടെന്നും കൊടുത്ത പരാതിയിൽ ഉറച്ചുനിൽക്കുകയാണെന്നും പരാതിക്കാരനായ എസ് ധനേഷ് കുമാർ പറഞ്ഞു.
‘കഴിഞ്ഞ എട്ടുവർഷമായി വൈഷ്ണ വാർഡിൽ താമസമില്ല. എന്നാൽ അന്നത്തെ ടിസി നമ്പറിന്റെ പേരുനൽകി എല്ലാ റെക്കോർഡുകളുമുണ്ടാക്കി. ആ വിലാസത്തിൽ മൂന്നുവർഷമായി മറ്റൊരാളാണ് താമസിക്കുന്നത്. എന്നാൽ ഇപ്പോഴും അതേ വീട്ടിലാണ് താമസിക്കുന്നതെന്നാണ് വൈഷ്ണ പറയുന്നത്. താമസക്കാരല്ലാത്തതുകാരണം, 2023ൽ വൈഷ്‌ണയുടെ മാതാപിതാക്കളുടെ വോട്ടും ഒഴിവാക്കാൻ അപേക്ഷ നൽകിയിരുന്നു. തുടർന്ന് വോട്ട് ഒഴിവാക്കി. എന്നാൽ അന്നൊന്നും ഇത്തരത്തിലുള്ള പ്രശ്നം ഉന്നയിച്ചിട്ടില്ല. ഇപ്പോഴത്തെ പ്രശ്നം യുഡിഎഫിന്റെ രാഷ്ട്രീയക്കളിയാണ്.
2000-ൽ മുട്ടട വാർഡ് രൂപീകരിച്ചപ്പോൾ വോട്ടർപ്പട്ടിക ഇറക്കിയിരുന്നു. അന്ന് 3/202464 എന്ന ടിസി നമ്പറായിരുന്നു എന്റേത്. അന്നത്തെ വോട്ടർപ്പട്ടികയിൽ എന്റെ വീട്ടുനമ്പറിൽ 28 വോട്ടുണ്ടെന്ന ആരോപണമാണ് യുഡിഎഫ് ഉന്നയിക്കുന്നത്. ഞാൻ മറ്റുള്ള ആരുടെയും പേര് വോട്ടർപ്പട്ടികയിൽ ചേർത്തിട്ടില്ല. യുഡിഎഫ് ചൂണ്ടിക്കാട്ടുന്ന വോട്ടർമാർക്കെല്ലാം സ്വന്തമായി വീട്ടുപേരുകളുണ്ട്. രേഖകൾ ആർക്കുവേണമെങ്കിലും പരിശോധിക്കാം’’– ധനേഷ് പറഞ്ഞു.
