അമേരിക്കൻ രാഷ്ട്രീയത്തിലെ തീവ്ര എതിരാളികളായ ഡോണൾഡ്‌ ട്രംപും ന്യൂയോർക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനിയും തമ്മിലുണ്ടായ സൗഹൃദപരമായ കൂടിക്കാഴ്ചയെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ, രാഷ്ട്രീയ പോരാട്ടം മറന്ന് രാജ്യത്തിന്റെ പൊതു താൽപ്പര്യത്തിനായി സഹകരിക്കുന്ന ഈ മനോഭാവമാണ് ആരോഗ്യകരമായ ജനാധിപത്യത്തിൻ്റെ ആത്മാവെന്ന് തരൂർ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഇത് കൂടുതൽ കാണാൻ ആഗ്രഹിക്കുന്നു എന്നും അത്തരം രാഷ്ട്രീയ മര്യാദ വളർത്താൻ തൻ്റെ പങ്ക് നിർവഹിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് ചൂട് മാറിയ ശേഷം പരസ്പരം സഹകരിക്കാൻ നേതാക്കൾ തയ്യാറാകണം എന്ന സന്ദേശമാണ് തരൂർ മുന്നോട്ട് വെക്കുന്നത്. “ജനാധിപത്യം ഇങ്ങനെയാണ് പ്രവർത്തിക്കേണ്ടത്. തിരഞ്ഞെടുപ്പുകളിൽ നിങ്ങളുടെ കാഴ്ചപ്പാടിനായി ആവേശത്തോടെ പോരാടുക. എന്നാൽ അത് അവസാനിച്ചുകഴിഞ്ഞാൽ, ആളുകൾ സംസാരിച്ചുകഴിഞ്ഞാൽ, നിങ്ങൾ രണ്ടുപേരും സേവിക്കാൻ പ്രതിജ്ഞാബദ്ധരായ രാജ്യത്തിന്റെ പൊതു താൽപ്പര്യങ്ങൾക്കായി പരസ്പരം സഹകരിക്കാൻ പഠിക്കുക.” ജനവിധി വ്യക്തമായാൽ രാഷ്ട്രീയ എതിരാളികൾ ശത്രുത മാറ്റിവെച്ച ഈ മാറ്റമാണ് ഇന്ത്യക്ക് പഠിക്കാവുന്ന ഒരു ഉദാഹരണമായി തരൂർ ഉദ്ധരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ കോൺഗ്രസ് അസാധാരണമായ പോരാട്ട സ്വരം പ്രകടിപ്പിക്കുന്ന ഈ സമയത്ത് തരൂർ നടത്തിയ ഈ പരാമർശം പാർട്ടിക്കുള്ളിൽ വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്.

ദിവസങ്ങൾക്ക് മുമ്പ്, രാംനാഥ് ഗോയങ്ക പ്രഭാഷണത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം “സാമ്പത്തിക വീക്ഷണമായും പ്രവർത്തനത്തിലേക്കുള്ള സാംസ്കാരിക ആഹ്വാനമായും” വർത്തിച്ചു എന്ന് തരൂർ നടത്തിയ പരാമർശം പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾ പരസ്യമായി ചോദ്യം ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ, ഏറ്റവും പുതിയ പോസ്റ്റും കോൺഗ്രസ് പാർട്ടിയുടെ എല്ലാ വിഭാഗങ്ങൾക്കും അത്ര സുഖകരമാകണമെന്നില്ല.

ആഴ്ചകൾ നീണ്ടുനിന്ന കടുത്ത വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് ട്രംപും മംദാനിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നതെന്നതാണ് ശ്രദ്ധേയം. മംദാനിയെ “ഭ്രാന്തൻ”, “കമ്മ്യൂണിസ്റ്റ്”, “സ്വേച്ഛാധിപതി” എന്നിങ്ങനെ മുദ്രകുത്തിയ ട്രംപ് തന്നെയാണ് കൂടിക്കാഴ്ച നടത്തുന്ന വിവരം ആദ്യം വെളിപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *