കണ്ണൂർ മലപ്പട്ടത്തും കണ്ണപുരത്തും എൽഡിഎഫ് സ്ഥാനാർത്ഥിക്ക് എതിരില്ലാത്ത വിജയം. കണ്ണൂർ മലപ്പട്ടം കൊവുന്തലയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തളളി. യുഡിഎഫ് സ്ഥാനാർഥിയുടെ ഒപ്പ് വ്യാജം. എൽഡിഎഫ് സ്ഥാനാർത്ഥി എം. വി.ഷിഗിന വിജയിച്ചു. കണ്ണൂർ കണ്ണപുരത്തും യുഡിഎഫ് പത്രിക തള്ളി. എൽഡിഎഫ് സ്ഥാനാർത്ഥി എതിരില്ലാതെ ജയംനേടി. കണ്ണപുരം വാർഡ് 10 തൃക്കോത്ത് പ്രേമ സുരേന്ദ്രനാണ് ജയിച്ചത്. സൂക്ഷ്മ പരിശോധനയിൽ യുഡിഎഫ് സ്ഥാനാർഥി എൻ എ ഗ്രേസിയുടെ പത്രിക തള്ളി. ഇതോടെ കണ്ണപുരത്തും മലപ്പട്ടത്തും എതിരില്ലാതെ ജയം മൂന്നായി.
അതേസമയം കണ്ണൂരിലെ വിജയത്തിൽ പ്രതികരിച്ച് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് രംഗത്തെത്തി. യു.ഡി.എഫിനും ബി.ജെ.പി.ക്കും സ്ഥാനാർത്ഥികളെ പോലും കണ്ടെത്താൻ കഴിയാത്തവിധം തകർച്ചയിലാണ്. എൽ.ഡി.എഫ്. മുന്നോട്ട് വെച്ച നവകേരള സൃഷ്ടിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരണം എന്ന ജനങ്ങളുടെ ഉറച്ച ശബ്ദത്തിന്റെ കാഹളമാണ് ഈ വിജയമെന്ന് കെ കെ രാഗേഷ് വ്യക്തമാക്കി. ഡിസംബർ 11-ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. കണ്ണൂരിൽ ചരിത്ര മുന്നേറ്റം ഉണ്ടാക്കുക തന്നെ ചെയ്യും. ഈ ജനകീയ മുന്നേറ്റത്തിന് സഹായിച്ച എല്ലാവരെയും അഭിവാദ്യം ചെയ്യുന്നുവെന്ന് രാഗേഷ് ഫേസ്ബുക്കിൽ കുറിച്ചു.
